കോട്ടയം: താഴത്തങ്ങാടി കൊലക്കേസ്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി നഷ്ടപ്പെട്ട മൂന്ന് മൊബൈൽ ഫോണുകൾക്കായി തണ്ണീർമുക്കത്ത് തെളിവെടുപ്പ് നടത്തും. കൂടാതെ മൂന്നു മണിക്കൂർ താമസിച്ച ആലപ്പുഴയിലെ ലോഡ്ജിലെത്തിയും തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. റിമാൻഡിലായ പ്രതി പാലാ താലൂക്ക് ആശുപത്രിയിൽ പൊലീസ് അകമ്പടിയിൽ ചികിത്സയാലാണ്. ഇല്ലിക്കൽ ചിറ്റടിവീട്ടിൽ മുഹമ്മദ് ബിലാൽ (23) ആണ് ഇന്നലെ അറസ്റ്റിലായത്.
വീട്ടമ്മയായ താഴത്തങ്ങാടി ഷാനിമൻസിലിൽ ഷീബയെയാണ് (60) വീട്ടിൽ അതിക്രമിച്ചുകയറി ടീപ്പോയി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഷീബയുടെ ഭർത്താവ് സാലിക്കിനെയും (65) ആക്രമിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന സാലിക്ക് അപകടനില തരണം ചെയ്തിട്ടില്ല. തലയിൽ ഓപ്പറേഷൻ നടത്തിയെങ്കിലും വീണ്ടും ഇത് ആവർത്തിക്കേണ്ടി വരുമെന്നും ഇപ്പോൾ ഉടൻ ഓപ്പറേഷൻ ചെയ്യാൻ സാലിക്ക് ആരോഗ്യവാനല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കാറും ആഭരണങ്ങളുമായി രക്ഷപ്പെട്ട ബിലാൽ മൊബൈൽ ഫോണുകൾ തണ്ണീർമുക്കത്ത് വലിച്ചെറിഞ്ഞെന്നാണ് പൊലീസിനോട് പറഞ്ഞത്. വെള്ളത്തിലേക്കാണ് എറിഞ്ഞതെന്ന് പറഞ്ഞതിനാൽ ഫയർഫോഴ്സിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. കൊച്ചിയിൽ ഒളിവിൽകഴിഞ്ഞ സ്ഥലത്തും പൊലീസ് നാളെ പ്രതിയെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് പൊലീസ് പരിപാടി.
അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മൃതദേഹത്തിൽ നിന്നും ഊരിയെടുത്ത വളകളും മാലയും മോതിരവും ഉൾപ്പെടെ 28 പവൻ സ്വർണാഭരണങ്ങൾ ബിലാലിൽ നിന്നും പൊലീസ് കണ്ടെടുത്തു. ആലപ്പുഴയിൽ ഉപേക്ഷിച്ച കാർ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കാർ ടാർപോളിൻ ഉപയോഗിച്ച് മൂടിയിരുന്നു.
ഞായറാഴ്ചയാണ് ഷീബയിൽ നിന്നും പണം കടമായി വാങ്ങാൻ ബിലാൽ തീരുമാനിച്ചത്. അന്ന് രാത്രി പുറത്തുപോയ ബിലാൽ സംഭവദിവസമായ തിങ്കളാഴ്ച അതിരാവിലെ തന്നെ ഷീബയുടെ വീട്ടിലെത്തി. പക്ഷേ, അവർ ഉണർന്നിരുന്നില്ല. തുടർന്ന് കടയിൽ പോയി കാപ്പി കുടിച്ചശേഷം വീണ്ടും എത്തിയപ്പോൾ വീട്ടിൽ ലൈറ്റ് തെളിഞ്ഞിരുന്നു. തുടർന്ന് വീടിനുള്ളിൽ കയറി.
ഈ സമയം ഷീബയോട് പണം കടം ചോദിച്ചു. വീടിന് പിറകിലുള്ള സഹോദരന്റെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നതിനാൽ ഷീബ പലപ്പോഴും പണം കടം നല്കിയിരുന്നു. തിരികെ കൊടുക്കാതിരുന്നതിനാൽ ഷീബ ഇക്കുറി പണം നല്കാൻ തയാറായില്ല. ഇതേ ചൊല്ലി അല്പം നീരസത്തിൽ ഷീബ സംസാരിച്ചു. ഇതിനിടയിൽ വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും അതെടുക്കാനായി അടുക്കളയിലേക്ക് ഷീബ പോവുകയുമായിരുന്നു.
ഈ സമയം സാലിക്ക് എത്തി. കാര്യമായ പ്രകോപനമൊന്നുമില്ലാതെ മുറിയിലെ സ്റ്റൂൾ എടുത്ത് സാലിക്കിനെ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ഷീബയെയും തലയ്ക്ക് ആടിച്ചുവീഴ്ത്തി. തുടർന്ന് അലമാര പരിശോധിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി. ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും ഊരിയെടുത്തു. ഈ സമയം ഷീബ അനങ്ങി. ഇതോടെ മരിച്ചിട്ടില്ലെന്ന് മനസിലാക്കിയ ബിലാൽ ഇരുവരുടെയും കൈകൾ പിറകിലേക്ക് വലിച്ചു് കമ്പികൊണ്ട് ബന്ധിച്ചു. തുടർന്ന് പ്ലഗിൽ ഘടിപ്പിച്ചെങ്കിലും വൈദ്യുതി ഇല്ലായിരുന്നു. തുടർന്നാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടത്.
അതേസമയം വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സാലിക്കിന് ബ്ലേഡ് പരിപാടി ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. കുറെ ബ്ലാങ്ക് ചെക്കുകളും മറ്റ് രേഖകളും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.