jose-k-mani-joseph

*രാജി വച്ചില്ലെങ്കിൽ അവിശ്വാസമെന്ന് പി.ജെ. ജോസഫ്;നടപ്പില്ലെന്ന് ജോസ് കെ.മാണി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരത്തർക്കത്തിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ.

ജോസ് പക്ഷത്തുള്ള സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റ് പദവി രാജിവച്ചില്ലെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ് മുന്നറിയിപ്പു നൽകിയെങ്കിലും, ജോസ് വിഭാഗം അതു തള്ളി. കരാർ നിലവിലില്ലെന്ന് രേഖകൾ പുറത്തുവിട്ട് അവർ സമർത്ഥിച്ചു.പാർട്ടി പറയാതെ രാജി വയ്ക്കില്ലെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും വ്യക്തമാക്കിയതോടെ, പന്ത് വീണ്ടും യു.ഡി.എഫ് കോർട്ടിലായി .

പ്രസിഡന്റ് പദവി കൈമാറ്റത്തിന് യു.ഡി.എഫ് ധാരണയുണ്ടായിരുന്നെന്ന് കോൺഗ്രസ് രാഷ്ടീയകാര്യ സമിതി വ്യക്തമാക്കിയിരുന്നു. ഇതംഗീകരിക്കാതെ, വരുന്നിടത്തു വച്ച് കാണാമെന്ന നിലപാടിലാണ് ജോസ് കെ മാണി. മദ്ധ്യ കേരളത്തിൽ കൂടുതൽ ശക്തി ജോസ് വിഭാഗത്തിനാണെന്ന തിരിച്ചറിവിൽ, ജോസിനെ പിണക്കാതെ പ്രശ്നം നീട്ടിക്കൊണ്ടു പോകാനാണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമം. ഇതു മനസിലാക്കിയാണ്തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ അവിശ്വാസ പ്രമേയത്തിന് ജോസഫ് തയ്യാറെടുക്കുന്നത്.

അവിശ്വാസ പ്രമേയം

പാസാകാനിടയില്ല

ഇപ്പോഴത്തെ കക്ഷി നില വച്ച് അവിശ്വാസ പ്രമേയം പാസാകില്ല . ഇതു മുൻകൂട്ടിക്കണ്ടാണ് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ജോസ് പക്ഷം ഉറച്ചു നിൽക്കുന്നത്. 22 അംഗ ജില്ലാ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിന് എട്ടു പേരുടെ പിന്തുണ വേണം . ജോസഫ് പക്ഷത്ത് രണ്ട് പേരേയുള്ളൂ. ജോസ് പക്ഷത്ത് നാല് പേരും.എട്ട് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചാലേ ജോസഫ് പക്ഷത്തിന് നോട്ടീസ് നൽകാനാവൂ. അവിശ്വാസം നൽകിയാലും പ്രതിപക്ഷം കൂടി സഹായിച്ചാലേ പാസാകൂ. സി.പി.എമ്മിന് ആറും ,സി.പി.ഐക്കും ജനപക്ഷത്തിനും ഓരോ അംഗങ്ങളുമാണുള്ളത്. കോൺഗ്രസ് പിന്തുണച്ചാൽ സി.പി.എം പിന്തുണക്കില്ല. അല്ലെങ്കിൽ അട്ടിമറി നടക്കണം. സി.പി.ഐ ,ജനപക്ഷം അംഗങ്ങൾ വിട്ടു നിന്നതാണ് മുൻ കാല അനുഭവം .

ഇരുപക്ഷത്തേയും മുന്നണിയിൽ ഒന്നിച്ചു കൊണ്ടുപോകാനുള്ള ആലോചനകളിലാണ് കോൺഗ്രസ് നേതൃത്വം. സി.പി.എമ്മാകട്ടെ, ഒരു വിഭാഗം യു.ഡി.എഫ് വിട്ടു വരുമെന്ന പ്രതീക്ഷയിലും.