കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് ജോസഫ് വിഭാഗം മുന്നറിയിപ്പു നൽകിയതോടെ യു.ഡി.എഫ് കരാർ നിലവിലില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ജോസ് വിഭാഗം പുറത്തുവിട്ടു. ഇതോടെ യു.ഡി.എഫ് പറയുന്നതാണോ ജോസ് പറയുന്നതാണോ 'യഥാർത്ഥ രേഖ'യെന്ന സംശയവും ബലപ്പെട്ടു.

2015 നവംബർ 5 ന് ജില്ലാ പ്രസിഡന്റായിരുന്ന ഇ ജെ. ആഗസ്തി ഒപ്പിട്ട കരാറിൽ ആദ്യ ഒന്നര വർഷം സഖറിയാസ് കുതിരവേലിയെയും അവസാന ഒരു വർഷം സെബാസ്റ്റിൻ കുളത്തുങ്കലിനെയും പ്രസിഡന്റാക്കാൻ തീരുമാനിച്ചതായുള്ള രേഖയാണ് ജോസ് വിഭാഗം പുറത്തുവിട്ടത്. 2019 ജൂലായ് 1 ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മേരി സെബാസ്റ്റ്യൻ, എൻ. അജിത് മുതിരമല, പെണ്ണമ്മ ജോസഫ് , ബെറ്റി റോയി, സഖറിയാസ് കുതിരവേലിൽ എന്നിവർ ഒപ്പിട്ട കരാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡന്റാക്കാമെന്ന് പറയുന്നു.

2019 ജൂൺ 29ന് കെ.എം മാണിയുടെ വീട്ടിൽ ചേർന്ന ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിന്റെ മിനിറ്റ്സിലും അജിത് മുതിരമല ഒപ്പിട്ടിട്ടുണ്ട്. അന്നത്തെ യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞടുത്തു. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാൻ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തെ ചുമതലപ്പെടുത്തി. ഇതല്ലാതെ മറ്റൊരു കരാറില്ലെന്നാണ് ജോസ് വിഭാഗം വാദം.

കെ.എം.മാണിയുടെ മരണ ശേഷം മാണി വിഭാഗം ജോസും ജോസഫുമായി പിളർന്നതോടെ പ്രസിഡന്റ് സ്ഥാനം തർക്കമായി . എട്ടുമാസം സെബാസ്റ്റ്യൻ കുളത്തുങ്കലിനും ആറുമാസം അജിത് മുതിരമലയ്ക്കുമായി വീതം വയ്ക്കാൻ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പങ്കെടുത്ത യു.ഡി.എഫ് യോഗം വാക്കാൽ ധാരണ ഉണ്ടാക്കിയെന്ന് ജോസഫ് പറയുന്നു . കോട്ടയം ഡി.സി.സിയും ഇത് സമ്മതിക്കുന്നു . എന്നാൽ രേഖാമൂലമുള്ള കരാർ ഇല്ല. ഇതാണ് കരാർ ഉണ്ടെങ്കിൽ കാണിക്കാൻ ജോസ് വിഭാഗം വെല്ലുവിളിക്കുന്നത്.

തർക്കം യു .ഡി .എഫിന് കൈമാറാനാണ് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചത്. യു.പി.എ ഘടകകക്ഷിയായതിനാൽ യു.പി.എയ്ക്കും വിട്ടു. തീരുമാനം നീട്ടി കൊണ്ടു പോകാനാണിതെന്ന് മനസിലാക്കിയാണ് അവിശ്വാസ പ്രമേയമെന്ന മുന്നറിയിപ്പ് ജോസഫ് നൽകിയത്. നോട്ടീസ് കൊടുക്കണമെങ്കിൽ മൂന്നിലൊന്നായ എട്ട് അംഗങ്ങളുടെ പിന്തുണ വേണം. ജോസഫിന്റെ കൂടെയുള്ളത് രണ്ട് അംഗങ്ങൾ മാത്രമാണ്. കോൺഗ്രസ് പിന്തുണച്ചാലേ നോട്ടീസ് നൽകാനാവൂ.

കുളത്തുങ്കലിനു വേണ്ടിയുള്ള കരാറിൽ മുതിരമലയും ഒപ്പിട്ടു

രേഖാമൂലമുള്ള ഈ കരാർ ജോസ് വിഭാഗം പുറത്തുവിട്ടു

മറിച്ച് കരാറുണ്ടെങ്കിൽ ഹാജരാക്കാൻ ജോസിന്റെ വെല്ലുവിളി

പ്രസിഡന്റ് പദം മുതിരമലയ്ക്ക് പങ്കിടണമെന്നതിന് കരാറില്ല