കോട്ടയം: വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കൂടുതലായി എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ ശക്തമാക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. മന്ത്രി.പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. പുറത്തുനിന്നെത്തുന്നവരും അവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈൻ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി താഴേത്തട്ടിലുള്ള ജാഗ്രതാ സംവിധാനം പരമാവധി ഊർജിതമാക്കണം. രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തം പരമാവധി ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ, എ.ഡി.എം.അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ്, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.എൻ. വാസവൻ, സി.കെ. ശശിധരൻ, ജോഷി ഫിലിപ്പ്, കാണക്കാരി അരവിന്ദാക്ഷൻ, കുര്യൻ പി. കുര്യൻ, ജോസഫ് ചാമക്കാല, അസീസ് ബഡായിൽ, എം.ടി. കുര്യൻ, ബാബു കപ്പക്കാല, പി.ജി. സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക ഇടപെടൽ വേണം

രോഗം സ്ഥിരീകരിക്കുന്നവരെയും അവരുമായി സമ്പർക്കം പുലർത്തുന്നവരെയും ഒറ്റപ്പെടുത്തുകയും അവർക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും നാട്ടിൽ ഭീതി പരത്തുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കാൻ ശക്തമായ പ്രാദേശിക ഇടപെടൽ വേണം. ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും കരുതലുണ്ടാകണം.

തീരുമാനങ്ങൾ

 താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും രോഗികളെ പ്രവേശിപ്പിക്കും

 കളക്ടറേറ്റിലെ കൊവിഡ് ഹെൽപ്പ് ഡസ്‌കിന്റെ പ്രവർത്തനം വിപുലീകരിക്കും.

മാർക്കറ്റുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് നടപടി

ഓൺലൈൻ പഠനസംവിധാനം എല്ലാ കുട്ടികൾക്കും ലഭിക്കുമെന്ന് ഉറപ്പാക്കും

 എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ നടപടിയെടുക്കും