കോട്ടയം: താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിലാലിനെ (23) കോടതി മൂന്നു ദിവസം, അതായത് തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവ് ശേഖരിക്കേണ്ടതിനാലാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ കോടതിയെ അറിയിച്ചു. തുടർന്നാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട് ) പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കൊലപാതകം നടത്തിയ ശേഷം പ്രതി ദമ്പതികളുടെ കാറുമായി രക്ഷപ്പെടുകയായിരുന്നു. വീട് പൂട്ടി താക്കോലും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും എടുത്തു. മൊബൈൽ ഫോണും താക്കോൽക്കൂട്ടവും തണ്ണീർമുക്കം ബണ്ടിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. മുഖ്യമായും ഈ താക്കോൽക്കൂട്ടവും ഫോണും കണ്ടെത്തുന്നതിനായാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്‌തെങ്കിലും കൊവിഡ് പരിശോധനയുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി പാലായിലെ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കോടതിയിൽ കൊണ്ടു വന്നത്.
ഇന്ന് ആദ്യം തണ്ണീർമുക്കം ബണ്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇവിടെ നിന്ന് മൂന്നുമൂല പെട്രോൾ പമ്പിലും ആലപ്പുഴയിലെ ലോഡ്ജിലും എത്തിക്കും. പ്രതിയ്‌ക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.
അഭിഭാഷകൻ വേണ്ട; കുറ്റം ഏൽക്കുന്നു
ദമ്പതിമാരെ ആക്രമിച്ചതും ഷീബയെ കൊലപ്പെടുത്തിയതും താനാണെന്നും കുറ്റം ഏറ്റെടുക്കുന്നതായും അഭിഭാഷകൻ വേണ്ടെന്നും പ്രതി മുഹമ്മദ് ബിലാൽ. പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകുന്നതിനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി പൊലീസ് ഉദ്യോഗസ്ഥരോട് മനസു തുറന്നത്. താൻ ചെയ്ത കുറ്റം സ്വയം ഏറ്റെടുക്കുന്നു. ഈ സാഹചര്യത്തിൽ ശിക്ഷയെ ഏറ്റുവാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതിയ്‌ക്ക് മാനസിക രോഗമില്ല
പ്രതി ബിലാൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായുള്ള ബന്ധുക്കളുടെ ആരോപണം പൂർണമായും തള്ളി പൊലീസ്. പ്രതിയെ അസ്വാഭാവികമായി പെരുമാറിയതിന്റെ പേരിൽ പിതാവ് ആശുപത്രിയിൽ പരിശോധനയ്‌ക്കു വിധേയനാക്കിയിരുന്നു. മാനസിക അസ്വാസ്ഥ്യത്തിനു യാതൊരു വിധ മരുന്നും ഇയാൾ കഴിച്ചിരുന്നില്ല.