ലോക പരിസ്ഥിതി ദിനമെന്നു കേട്ടാൽ മരം വച്ചുപിടിപ്പിക്കലാണോ എന്ന് ചോദിച്ചു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ!

കൊവിഡ് കാലമായിട്ടും വി.വി.ഐ.പിയും, വി.ഐ.പിയും ഇതു രണ്ടു മല്ലാത്തവരും മാസ്ക് വച്ചും വയ്ക്കാതെയും നാടെങ്ങും മരം വച്ചു പിടിപ്പിക്കുന്ന ഫോട്ടോയുടെ എണ്ണം കണ്ട് ആരെ തഴയണമെന്നറിയാതെ തല പുകച്ചത് പത്രസ്ഥാപനങ്ങളിലുള്ളവരാണ്.

ഇനി അടുത്തവർഷം പരിസ്ഥിതി ദിനത്തിൽ മരം വച്ചു പിടിപ്പിക്കാൻ നിറചിരിയോടെ വരുമെന്നല്ലാതെ തങ്ങൾ വച്ച തൈ വളരുന്നുണ്ടോ എന്നു നോക്കാൻ ഒരാൾ പോലുമെത്തില്ല എന്നതാണ് ചരിത്രം.

സാമൂഹ്യ വനവത്ക്കരണ വിഭാഗം കോടികളാണ് മരം വച്ചു പിടിപ്പിക്കാൻ ചെലവാക്കുന്നത്. ഇതിൽ എത്ര മരം വളർന്നുവെന്നതിന്റെ കണക്ക് ഇതുവരെ എടുത്തിട്ടുണ്ടോ എന്നു സംശയമാണ്. 'കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി 'എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ് മരംനടീൽ പരിപാടി.

ഒരു വശത്ത് മരം വച്ചു പിടിപ്പിക്കൽ നടക്കുമ്പോൾ മറുവശത്ത് സ്വാഭാവിക വനം വെളുപ്പിച്ച് എങ്ങനെ കെട്ടിടം പണിയാമെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരുടെ നോട്ടം. പകരം മരം വച്ചു പിടിപ്പിച്ച ശേഷമാണ് തങ്ങൾ വനം നശിപ്പിക്കുന്നതെന്ന ബന്ധപ്പെട്ടവരുടെ ന്യായം പറച്ചിൽ കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും !

വനത്തെ വെറുതേ വിടുക എന്ന് പരിസ്ഥിതി പ്രേമികൾ കരഞ്ഞു പറഞ്ഞിട്ടും കണ്ണു തുറക്കാത്തവരും പരിസ്ഥിതി ദിനത്തിൽ മരം വച്ചു പിടിപ്പിക്കുന്ന ഫോട്ടോക്ക് പോസ് ചെയ്യുന്നതു കണ്ടപ്പോൾ അവരുടെ തൊലിക്കട്ടിയെക്കുറിച്ചാണ് ചുറ്റുവട്ടമോർത്തത്.

സ്വാഭാവിക വനത്തിന് മേൽ കോടാലി കൈ ഉയരരുതെന്ന് ആവശ്യപ്പെട്ട് നിരന്തര വാർത്ത നൽകിയത് കേരളകൗമുദി മാത്രമായിരുന്നു. ഇതേ തുടർന്ന് ഇസ്കഫ് രംഗത്തെത്തി . സ്വാഭാവിക വനത്തിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി . സി.പി.ഐയുടെ കൈയിലുള്ള വനം വകുപ്പിനെ മറികടന്ന് വനം വെട്ടാനുള്ള നീക്കത്തിനെതിരെ യുവജനവിഭാഗമായ എ.ഐ.വൈ.എഫും രംഗത്തെത്തി. വനം സംരക്ഷിക്കാൻ ഏതാനും ആളുകൾ പ്രതിഷേധ സമരം നടത്തിയപ്പോൾ കൊവി‌ഡ് ചട്ട ലംഘനകുറ്റത്തിന് ഇവർക്കെതിരെ പൊലീസ് കേസ് എടുക്കുകയാണ് ചെയ്തത്. തങ്ങൾ മരംവെട്ടിനെതിരാണെന്ന് വ്യക്തമാക്കി രംഗത്തു വന്നത് സി.പി.ഐ മാത്രമാണ്. മറ്റു രാഷ്ടീയ പാർട്ടികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. നാളെ ഇടതു മുന്നണി ഐക്യം നിലനിറുത്താൻ മോളിൽ നിന്ന് നിർദ്ദേശം വരുമ്പോൾ സി.പി.ഐക്കും സമരത്തിൽ നിന്ന് പിന്മാറേണ്ടി വരാം.

സ്വാഭാവിക വനം നിലനിൽക്കേണ്ടത് ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും ഭാവി തലമുറയ്ക്കും വേണ്ടിയാണ് .എല്ലാവരും കൈവിടുമ്പോൾ അധികാര വർഗത്തിന്റെ കോടാലി കൈ ഉയരാതിരിക്കാൻ ശരണം കോടതി മാത്രമാണ് ! ...