കോട്ടയം: കൊവിഡിനെ തുരത്താൻ സാനിറ്റൈസറിന്റെ ഉപയോഗം കൂടിയതോടെ ഗുണനിലവാരമില്ലാത്തവയും വിപണിയിൽ സുലഭം. ഔഷധങ്ങളോ അനുബന്ധ ഉത്പന്നങ്ങളോ നിർമിച്ച് പരിചയമില്ലാത്തവർ പോലും ഇപ്പോൾ അവസരം മുതലെടുത്ത് സാനിറ്റൈസർ നിർമിക്കുകയാണ്. യൂ ട്യൂബ് നോക്കിയും മറ്റുമാണ് നിർമ്മാണം.
സംസ്ഥാനത്തിന് പുറത്തു നിന്നും വ്യാജ സാനിറ്റൈസറുകൾ എത്തുന്നുണ്ട്.
ഇക്കാര്യത്തിൽ വ്യാപകമായ പരിശോധന വേണമെന്ന നിലപാടാണ് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സാനിറ്റൈസറുകൾ ഇവിടെ വിൽക്കുന്നതിൽ തടസമില്ലെങ്കിലും ഗുണമേൻമ പ്രധാനമാണ്. സാനിറ്റൈസർ കൊവിഡിന് ഫലപ്രദമാണെന്ന് കണ്ടെത്തിയ സമയത്ത് മെഡിക്കൽ സ്റ്റോറുകളിൽ ഉണ്ടായിരുന്നത് ഭൂരിഭാഗവും സൗന്ദര്യ വർദ്ധനവുമായി ബന്ധപ്പെട്ടവയായിരുന്നു. ഇതിൽ ആൽക്കഹോളിന്റെ അളവ് തീരെ കുറവാണ്. എൺപത് ശതമാനത്തിന് മേൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളാണ് അണുവിമുക്തമാക്കാൻ വേണ്ടത്. സ്പിരിറ്റ് ലഭ്യത കുറഞ്ഞതോടെ ആൽക്കഹോളിന്റെ അളവ് കുറച്ചാണ് നിർമ്മാണം. ചില സാനിറ്റൈസറുകളിൽ പെർഫ്യൂമുകൾ അധികമായി ചേർക്കും. ഇതും ശരീരത്തിന് ദോഷം ചെയ്യും.
നിർമിക്കാൻ
ഫാർമസിയിൽ ബിരുദവും അനുഭവ പരിചയവുമുള്ളവർ മാത്രമേ നിയമപരമായി സാനിറ്റൈസർ നിർമിക്കാവൂ. അതിനും പ്രത്യേക ലൈസൻസ് നേടണം.
വ്യാജൻ ഉപയോഗിച്ചാൽ
ചൊറിഞ്ഞ് തടിക്കും, ചുവക്കും.
'' സാനിറ്റൈസറുകൾ പെട്ടിക്കടകളിൽ വരെ വിൽക്കുന്നത് തടയും. വിൽക്കുന്നതിൽ നിയമ തടസമില്ലെങ്കിലും അണുവിമുക്തമാകാത്ത കേന്ദ്രങ്ങളിലെ സാനിറ്റൈസർ വിൽപ്പന ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇക്കാര്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. ഗുണമേൻമയില്ലാത്ത സാനിറ്റൈസറുകൾ വിൽക്കാൻ ആരെയും അനുവദിക്കില്ല.''
- കെ.ജെ.ജോൺ, ഡ്രഗ്സ് കൺട്രോൾ വിഭാഗം