അടിമാലി: കർഷകർക്ക് കൈതാങ്ങായി അടിമാലി പഞ്ചായത്തിൽ ആഴ്ച ചന്ത പ്രവർത്തനമാരംഭിച്ചു. അടിമാലി പഞ്ചായത്ത് ആഫീസിന് സമീപം ക്രമീകരിച്ചിട്ടുള്ള ചന്തയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവഹിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ ചന്ത തുറന്ന് പ്രവർത്തിക്കും. അടിമാലി പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽപ്പന നടത്താൻ ആഴ്ച ചന്ത സഹായിക്കും. കാർഷിക ഉത്പന്നങ്ങൾക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഇനം വിത്തുകളുടെ വിൽപ്പനയ്ക്കും ആഴ്ച ചന്തയെ പ്രയോജനപ്പെടുത്താം. വിൽപ്പനയ്ക്കൊപ്പം ആവശ്യക്കാർക്ക് കർഷകരുടെ പക്കൽ നിന്നും ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നതിനും ആഴ്ച ചന്ത പ്രയോജനകരമാകും. ചന്തയുടെ ആദ്യ ദിനം തന്നെ കർഷകർ ഉത്പന്നങ്ങൾ വിൽപ്പനക്കായി എത്തിച്ചിരുന്നു. വരും ആഴ്ചകളിൽ യാത്രാക്ലേശമുള്ള മേഖലകളിൽ നിന്നും കർഷകർക്ക് ഉത്പന്നങ്ങൾ ചന്തയിലെത്തിക്കാൻ ഗതാഗത സൗകര്യമേർപ്പെടുത്തുന്ന കാര്യവും പഞ്ചായത്തിന്റെ പരിഗണനയിലാണ്. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണ നൽകുന്ന കർഷകർക്ക് ആഴ്ച ചന്തയുടെ പ്രവർത്തനം കൂടുതൽ പ്രോത്സാഹനമാകും. ചന്തയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ കർഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും തണൽവൃക്ഷത്തൈകളും വിതരണം ചെയ്തു.