വൈക്കം : ഉദയനാപുരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കമ്മിറ്റിയുടെ ഫണ്ടിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നതായി കോൺഗ്രസ് ഉദയനാപരും മണ്ഡലം കമ്മിറ്റി ആരോപിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് സി.ഡി.എസിന്റെ പ്രവർത്തന ഫണ്ടായി കിട്ടുന്ന മാസവരി, രജിസ്ട്രേഷൻ ഫീസ്, അഫലിയേഷൻ, അഫലിയേഷൻ പുതുക്കൽ എന്നീ ഇനത്തിലുള്ള ഫീസുകൾ, മിനിറ്റ്സ് ബുക്ക്, പാസ്ബുക്ക് എന്നിവ വിറ്റയിനത്തിലുള്ള തുകകൾ, എം.ഇ രജിസ്ട്രേഷൻ ഫീസ്, ജെഎൽജി രജിസ്ട്രേഷൻ ഫീസ്, എന്നിവയുടെ രസീത് ബുക്കുകളും, കാഷ് വരവ്ചെലവ് ബുക്കുകളും കാണുന്നില്ല. നിയമപ്രകാരം കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറിയായ ഉദ്യോഗസ്ഥനോ കുടുംബശ്രീയുടെ അക്കൗണ്ടൻന്റോ ആണ് രസീത് ബുക്കുകൾ ഒപ്പിട്ടുനൽകേണ്ടത്. എന്നാൽ ഇവിടെ ഒപ്പിട്ടുനൽകിയിരിക്കുന്നത് സി.ഡി.എസ് ചെയർപേഴ്സണാണ്. അഗതി ആശ്രയ പദ്ധതി, ഓണച്ചന്തകൾ, മാസച്ചന്തകൾ, ക്രിസ്മസ് ചന്തകൾ, ഓണം ഫെയർ എന്നിവയിലും വൻ അഴിമതി നടന്നിട്ടുണ്ട്. അഴിമതിയുടെ കൂടാരമായിമാറിയ സി.ഡി.എസ് കമ്മിറ്റി പിരിച്ചുവിട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.ബിൻസ് അദ്ധ്യക്ഷത വഹിച്ചു. പി.ഡി.ജോർജ്ജ്, കെ.കെ.കുട്ടപ്പൻ, കെ.കെ.ചന്ദ്രൻ, കെ.വി.ചിത്രാംഗദൻ, കെ.എസ്.സജീവ്, കെ.രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.