കോട്ടയം: ഓടിയോടിത്തളർന്നു. സ്വകാര്യ ബസുകൾ നാളെ മുതൽ ജില്ലയിൽ ഓട്ടം നിർത്തുന്നു. ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ച് സ്വകാര്യ ബസുകൾക്കു സർവീസ് നടത്താൻ അനുവാദം നൽകിയിട്ടും പേരിനു പോലും യാത്രക്കാരില്ലാതെ വന്നതോടെയാണ് സർവീസുകൾ അവസാനിപ്പിക്കുന്നത്. 1200 ലേറെ ബസുകളുള്ള ജില്ലയിൽ ഇപ്പോൾ 300 ൽ താഴെ ബസുകൾ മാത്രമാണ് ഓടിയിരുന്നത്.
ഒാടിക്കിട്ടുന്ന വരുമാനം പരിതാപകരമെന്നാണ് ജിവനക്കാരുടെയും ഉടമകളുടെയും സംഘടനകൾ പറയുന്നത്. ജീവനക്കാർ ശമ്പളം പകുതിയായി കുറച്ചിട്ടും പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല.
10,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന പല ബസുകളിലും ഇപ്പോൾ ലഭിക്കുന്നത് 4000 രൂപ വരെ മാത്രമാണ്. നാലു ജീവനക്കാർക്കുള്ള വേതനത്തിനും ഇന്ധന ചെലവിനും ഇതിനപ്പുറം വരും. കൈയിൽ നിന്നു പണം മുടക്കി വണ്ടിയോടിക്കേണ്ട ഗതികേടിലാണ് ഉടമകൾ.
പ്രശ്‌നങ്ങൾ
ബസുകളിൽ പകുതി സീറ്റിൽ പോലും ആളില്ല
അൻപത് ശതമാനം നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിച്ചു
യാത്രക്കാർ ഒന്നിച്ച് ഇരിക്കാൻ തയ്യാറാകുന്നില്ല.
ആദ്യ സർവീസും അവസാന സർവീസും നടത്താനാവുന്നില്ല
ആകെ ബസുകൾ 1200
ഒാടിയിരുന്നത് 300
സമരമല്ല; ഗതികേട്
യാത്രക്കാർ ഇല്ലാതെ വന്നതോടെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിലാണ്. ഗതികേട് കൊണ്ടാണ് സർവീസ് നിർത്തുന്നത്. ലാഭത്തിൽ നടത്താൻ പറ്റുന്നവർ നടത്തട്ടെ. ഇനിയും നഷ്‌ടം സഹിക്കാനാവില്ല. ഇതിനെ സമരമായിട്ട് കാണരുത്.
കെ.എസ് സുരേഷ്, ജനറൽ സെക്രട്ടറി
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ