ഏഴാച്ചേരി : പരിസ്ഥിതി ദിനത്തിൽ ഏഴാച്ചേരി വല്യതോടിന്റെ തീരത്ത് ഒരു കിലോമീറ്ററോളം ദൂരം വാകത്തൈകൾ വച്ചുപിടിപ്പിച്ചു. ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആന്റ് കൾച്ചറൽ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് തൈ വച്ചുപിടിപ്പിച്ചത്. ആദ്യഘട്ടമായി തോടിന്റെ ചിറ്റേട്ട് പാലം ഭാഗത്തായി പത്ത് തൈകളാണ് നട്ടത്. വരുംനാളുകളിൽ ബാക്കി ഭാഗങ്ങളിൽക്കൂടി തൈകൾ നടുമെന്ന് സ്റ്റോണേജ് ക്ലബ്ബ് ഭാരവാഹികളായ കെ. അലോഷ്യസ് കണ്ണച്ചാംകുന്നേൽ, വി.ജി. ചന്ദ്രൻ തേരുന്താനം, അനിൽകുമാർ അനിൽ സദനം എന്നിവർ പറഞ്ഞു. വല്യ തോടിന്റെ തീരമിടിച്ചിൽ തടയുന്നതിനൊപ്പം മനോഹരമായ പൂക്കൾ കൊണ്ട് നയനാനന്ദകരമാക്കാനും ലക്ഷ്യമിട്ടാണ് വാകത്തൈകൾ നട്ടത്. ഉദ്ഘാടനം ചിറ്റേട്ട് എൻ.എസ്.എസ് ഗവ.എൽ.പി സ്‌കൂൾ അദ്ധ്യാപിക ടി.എൻ.പുഷ്പ നിർവഹിച്ചു. കെ. അലോഷ്യസ് കണ്ണച്ചാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബാലകൃഷ്ണൻ കീപ്പാറ, വി.ജി.ചന്ദ്രൻ തേരുന്താനം, അനിൽ കുമാർ അനിൽ സദനം, ജയചന്ദ്രൻ കീപ്പാറമല , സതീഷ് താഴത്തുരുത്തിയിൽ, വിജയകുമാർ ചിറയ്ക്കൽ, ആർ.സുനിൽ കുമാർ, ജിഷ തുടങ്ങിയവർ സംസാരിച്ചു.