കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഒഴിയാൻ ജോസഫ് വിഭാഗം മുന്നോട്ടുവച്ച സമയപരിധി കഴിഞ്ഞെങ്കിലും വഴങ്ങാതെ ജോസ് കെ. മാണി.

അനുരഞ്ജന ചർച്ചക്ക് വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ യു.ഡി.എഫ് കൺവീനർ ബെന്നിബഹനാൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ നേതാക്കളോട് പാലാ ഉപതിരഞ്ഞെടുപ്പിൽ ചിഹ്നം നൽകാതെ ജോസഫ് ചതിച്ചപ്പോൾ കോൺഗ്രസ് നോക്കുകുത്തിയായി നിന്നുവെന്ന് ജോസ്‌ തുറന്നടിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച ജോസഫിനെതിരെ എന്തു നടപടിയെടുത്തുവെന്ന് ചോദിച്ചു.പാലായിലെ തോൽവിക്ക് കാരണക്കാരായ ജോസഫ് വിഭാഗക്കാരന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊടുക്കില്ലെന്ന് പറഞ്ഞാണ് നേതാക്കളെ മടക്കി അയച്ചത് .

ഇരുപത്തിനാല് മണിക്കൂർ സമയ പരിധി കഴിഞ്ഞതോടെ അവിശ്വാസ പ്രമേയമടക്കം കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ജോസഫ് പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം ജോസഫ് അനുകൂല നിലപാട് ഡി.സി.സി എടുത്തിരുന്നു. ജോസഫ് സമയപരിധിവച്ചതോടെ അടിയന്തര ഡി.സി.സി യോഗം വീണ്ടും ചേർന്നെങ്കിലും നിലപാട് പ്രഖ്യാപിക്കാതെ തീരുമാനം സംസ്ഥാന നേതൃത്തിന് വിടുകയായിരുന്നു.

അവിശ്വാസത്തിൽ

ഒപ്പിട്ടാൽ കൂറുമാറ്റം !

രണ്ടില ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ജോസഫ് വിഭാഗം അംഗങ്ങൾക്ക് അവിശ്വാസത്തിൽ ഒപ്പിടാൻ നിയമപരമായ പ്രശ്നങ്ങളുണ്ട്. പാർട്ടി രണ്ടാകാത്ത സാഹചര്യത്തിൽ അത് അംഗത്വം റദ്ദാകുന്നതിന് കാരണമാകുമെന്ന പ്രചാരണം ശക്തമാണ്. വർക്കിംഗ് ചെയർമാനായ പി.ജെ.ജോസഫിന് വിപ്പ് നൽകാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷൻ സ്റ്റേ ചെയ്തിരിക്കുകയാണ്. ജോസ് വിപ്പ് നൽകിയാൽ ആരുടെ വിപ്പ് അംഗീകരിക്കും എന്നത് പ്രശ്നമായേക്കും.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജോസ് വിഭാഗത്തിന് കോൺഗ്രസിന്റെ അന്ത്യശാസനമോ അവിശ്വാസമോ ഉണ്ടാകാൻ സാധ്യതയില്ല.

ഭരണം അട്ടിമറിക്കാനുള്ള അംഗബലം ജോസഫ് വിഭാഗത്തിനില്ല. അതിനാൽ പി.ജെ. ജോസഫിന്റെ ഭീഷണി തത്ക്കാലം വിലപ്പോകില്ല.ഇരു കൂട്ടരും തമ്മിൽ തല്ലി സീറ്റുകൾ നഷ്ടപ്പെടുത്തുമെന്ന് യു.ഡി .എഫ് ഭയപ്പെടുന്നുണ്ട്. ഇരുവിഭാഗത്തെയും എങ്ങനെയും യോജിപ്പിച്ചു കൊണ്ടുപോകാൻ പി.കെ.കുഞ്ഞാലിക്കുട്ടിയെ വരെ രംഗത്തിറക്കി അനുനയ നീക്കത്തിന് കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.

ഒടുവിൽ ഒരു വിഭാഗം യു.ഡി.എഫ് വിടുമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. ജോസഫ് വിഭാഗം യു.ഡി.എഫ് വിടുന്നതിനെ സി.എഫ്.തോമസ്, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് അടക്കമുള്ള നേതാക്കൾ എതിർക്കുന്നതിനാൽ ജോസഫ് വിഭാഗത്തിൽ മറ്റൊരു പിളർപ്പും സംഭവിച്ചേക്കാം.