പാലാ : ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന ചിന്ത നല്ല മനുഷ്യനെ സൃഷ്ടിക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. നാട്ടാനകൾക്ക് തീറ്റപ്പുൽ ലഭ്യമാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുലിയന്നൂർ ശ്രീമഹാദേവക്ഷേത്ര പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് ഗ്രോബാഗിന് പകരം ചകിരിയിൽ പുല്ലു മുളപ്പിച്ചത് മാതൃകാപരമാണ്. നടുമ്പോൾ ചകിരി വളമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.പ്രസാദ്, മാത്യു അരീക്കൽ, ഹരിപ്രസാദ് ഉണ്ണിപ്പിള്ളിൽ, പുലിയന്നൂർ മഹാദേവക്ഷേത്ര ട്രസ്റ്റി ജയന്തൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു വൃക്ഷത്തൈ നടീലും നടത്തി. കോട്ടയം സാമൂഹിക വനവത്ക്കരണവിഭാഗം, കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ, പുലിയന്നൂർ മഹാദേവക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.