ഏറ്റുമാനൂർ : നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്ത് പരിധികളിലും, ഏറ്റുമാനൂർ നഗരസഭയുടെ പരിധിയിലുമുളള സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുമെന്ന് സുരേഷ് കുറുപ്പ് എം.എൽ.എ അറിയിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ പഠനസാമഗ്രികളുടെ അഭാവത്താൽ മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിയുടെയും പഠനം തടസ്സപ്പെടുന്ന അവസ്ഥയുണ്ടാവില്ല. ഓൺലൈൻ സൗകര്യം ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഒരുക്കുന്നതിന് അതാത് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് 14 ന് മുമ്പ് സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ ലിസ്സി റ്റോമി, ജസ്റ്റിൻ ജോസ്, എ.കെ ആലിച്ചൻ, എ.പി. സലിമോൻ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ ഗണേഷ് ആർ, ബി.ഡി.ഒ ലക്ഷ്മി പ്രസാദ്, എ.ഇ.ഒ ജോർജ് തോമസ്, മെമ്പർമാരായ പി.വി.മൈക്കിൾ, കെ.എം.ബാബു, ടി.കെ ശിവശങ്കരൻ, പ്രധാനാദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
സംഭാവന ചെയ്യാം
ടി.വിയോ സ്മാർട് ഫോണോ സംഭാവന ചെയ്യാൻ തയ്യാറുള്ള വ്യക്തികൾക്കും സംഘടനകൾക്കും താഴെ കൊടുത്തിട്ടുള്ള നമ്പരുകളിൽ ബന്ധപ്പെടാം. 9496429435(എ.ഇ.ഒ), 85479369481, 934932329558 (ബി.പി.സി).