കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം നൽകുന്നതിന്റെ ഭാഗമായി ശുചീകരണ ജോലികൾ ആരംഭിച്ചു. കിഴക്കെ ഗോപുരനടയിലെ മതിൽക്കെട്ടിന് പുറത്തുള്ള പൈപ്പിൽ കാൽകഴുകി ഊട്ടുപുര വഴി കയറി വീണ്ടും കാലും കൈയും കഴുകി രജിസ്റ്ററിൽ പേരുംവിലാസവും സ്വന്തം പേന കൊണ്ടെഴുതി കൊടി മരച്ചുവട്ടിലൂടെ നാലമ്പലത്തിൽ പ്രവേശിക്കണം. പുറകുവശത്തെ വാതിലിലൂടെ പുറത്തിറങ്ങി ഉപദേവന്മാരെ ദർശിച്ച് പ്രദിക്ഷണത്തിന് ശേഷം കിഴക്കേ ഗോപുര വഴിയിലൂടെ പുറത്തിറങ്ങുന്നതാണ് ദർശന ക്രമീകരണം. ദർശനത്തിനെത്തുന്നവരുടെ വാഹനങ്ങൾക്ക് മാത്രമേ ക്ഷേത്രവളപ്പിൽ പ്രവേശനമുള്ളൂ. ശുചീകരണ ജോലികൾക്ക് ഉപദേശക സമിതി പ്രസിഡന്റ് ബി.ഗോപകുമാർ, വൈസ് പ്രസിഡന്റ് രാജൻബാബു , അഡ്മിനിസ്ടേറ്റീവ് ഓഫീസർ മോഹനൻ നായർ എന്നിവർ നേതൃത്വം നൽകി.