പാലാ : ഇടമറ്റത്ത് പുരയിടത്തിലെ പാറ സ്വകാര്യ വ്യക്തി അനധികൃതമായി പൊട്ടിച്ച് കടത്താൻ ശ്രമിച്ചത് പഞ്ചായത്ത് അധികൃതർ തടഞ്ഞു. ഇതിനായി ഉപയോഗിച്ച ഹിറ്റാച്ചിയും ടിപ്പർ ലോറിയും പാറപൊട്ടിക്കാനുള്ള ബ്രേക്കറും പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാറ പൊട്ടിക്കരുതെന്ന് കാണിച്ച് ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും കൈപ്പറ്റിയില്ല. തുടർന്ന് അധികൃതർ അവിടെ പതിപ്പിച്ച് മടങ്ങുകയായിരുന്നെന്ന് സെക്രട്ടറി പറഞ്ഞു. തുടർനടപടികൾക്കായി പാലാ ആർ.ഡി.ഒക്കും പൊലീസിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.