m-m-mani


അടിമാലി: കുട്ടികൾ കൃഷിയിറക്കി, ഒടുവിൽ ജൈവ കുത്തരിയാക്കി വിപണിയിലേയ്ക്ക്. അടിമാലി എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ്. സ്‌കൗട്ട് ആന്റ് ഗൈഡ്, എസ്.പി.സി. കുട്ടികൾ ജൈവ രീതിയിൽ വിളയിച്ച മൂന്നു ടൺ നെല്ലാണ് സഫലം എന്ന പേരിൽ അരിയാക്കി വിതരണത്തിന് എത്തിയത്.ഇന്നലെ സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി എം.എം മണി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ തന്നെ അവധി ദിവസങ്ങളിലും ക്ലാസ്സ് സമയത്തിനു ശേഷവും കാർഷിക ജോലികൾ നിർവഹിച്ചിരുന്നു. അവർക്ക് പിന്തുണയായി അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും എത്തിയതോടെ വിളവ് നൂറു മേനിയായി. പ്രളയം മൂലം നാശം സംഭവിച്ച് തരിശ് കിടന്ന ആനവിരട്ടി പാട ശേഖരത്തിലെ തട്ടാറപ്പടിയിൽ ബാബു വിന്റെ രണ്ടര ഏക്കർ വയലിൽ ആണ് ഏറെ വെല്ലുവിളികൾ തരണം ചെയ്ത് കുട്ടികൾ കൃഷിയിറക്കിയത്. നവംബർ 25 നാണ് ജനകീയ ഉത്സവമായി ഞാറ് നടീൽ നടത്തിയത്. ഒന്നാം ഘട്ടം കൊയ്ത് ജോലികൾ കുട്ടികൾ തന്നെ നിർവഹിച്ചു.രണ്ടാം ഘട്ടം കൊയ്ത് ലോക്ക് ഡൌൺ സമയത്ത് ആയതിനാൽ കുട്ടികൾക്ക് കൊയ്ത്തിൽ പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം വന്നു. പദ്ധതി നടത്തിപ്പിന്റെ കാര്യത്തിലും ഉല്പാദനത്തിന്റെ കാര്യത്തിലും സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച നേട്ടമാണ് സ്‌കൂൾ കൈവരിച്ചിട്ടുള്ളത്. ഈ കൊവിഡ് കാലത്ത് ഇത്രയും അരി ഉത്പാദിപ്പിച്ച പൊതു വിപണിയിൽ എത്തിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.
ചടങ്ങിൽ അടിമാലി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അഡ്വ പ്രതീഷ് പ്രഭ, പി.ടി.എ പ്രസിഡന്റ്,
പി.വി.സജൻ, ഹയർസെക്കന്ററി പ്രിൻസിപ്പാൾ കെ.ടി.സാബു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പി.എൻ. അജിത, ഹെഡ് മിസ്ട്രസ്സ് കെ.ആർ സുനത,അദ്ധ്യാപകരായ സി.അബീഷ്, എം.സ് അജി എന്നിവർ സംസാരിച്ചു.