പാലാ : മുത്തോലി ഗവ.ആശുപത്രിയിൽ ഒരുകോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 11 ന് മന്ത്രി കെ.കെ.ശൈലജ വീഡിയോകോൺഫറൻസിലൂടെ നിർവഹിക്കും. കെ.എം.മാണി എം.എൽ.എ ആയിരുന്നപ്പോൾ അനുവദിച്ച ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിന് 5000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.
ദിവസേന ഇരുന്നൂറോളം രോഗികൾ ചികിത്സതേടി എത്തുന്ന ഇവിടെ 3ഡോക്ടർമാരും 14 ജീവനക്കാരുമാണുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഒ.പി പരിശോധനാ സൗകര്യം ലഭ്യമാണ്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർമ്മാണം പൂർത്തിയാക്കി ആരോഗ്യ വകുപ്പിന് കൈമാറുന്നത്. ഗുണമേന്മയുള്ള ആരോഗ്യ പരിപാലനസേവനങ്ങൾക്കായി നൽകപ്പെടുന്ന കായകൽപ്പ അവാർഡ് ആശുപത്രി നേടിയിട്ടുണ്ട്. കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് മീനച്ചിൽ താലൂക്കിലെ ഉഴവൂർ, രാമപുരം, പൈക, മരങ്ങാട്ടുപിള്ളി ആശുപത്രികൾക്കായി നവീന കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ചിരുന്നു.
ആരോഗ്യരംഗത്ത് സമഗ്ര സംഭാവനകളും ചികിത്സാ സൗകര്യങ്ങളും രോഗികൾക്കായി കാരുണ്യാ ചികിത്സാ പദ്ധതിയും ആവിഷ്‌കരിച്ച കെ.എം മാണിക്ക് ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇന്നലെ സ്മരണാഞ്ജലി അർപ്പിച്ചു. ജോസ് പാലമറ്റം, ടോബിൻ കണ്ടനാട്ട്, മുത്തോലി പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, വാർഡ് മെമ്പർ റൂബി ജോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യാ.ജി.നായർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് നടക്കുന്ന സമർപ്പണ ചടങ്ങിൽ മാണി. സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
പുതിയ കെട്ടിടത്തിൽ
രോഗി നിരീക്ഷണ ഹാൾ
നഴ്‌സിംഗ് സ്റ്റേഷൻ
ഫാർമസി സ്റ്റോർ റൂം
വാക്‌സിൻ റൂം
കോൺഫ്രൻസ് ഹാൾ
ഫീൽഡ് സ്റ്റാഫ് വിശ്രമമുറി
ഓഫീസ്