tlt

ചങ്ങനാശേരി : കുറിച്ചി ഗ്രാമപഞ്ചായത്തിൽ ജലനിധി പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ ചെലവഴിച്ച് പണികഴിപ്പിച്ച ശൗചാലയം കാടുകയറി നശിക്കുന്നു. ഔട്ട്പോസ്റ്റിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് 2013-15 കാലത്താണ് ശൗചാലയവും വിശ്രമമുറിയും നിർമ്മിച്ചത്. കുറിച്ചി ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ടും ഉദ്ഘാടനം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

സമീപത്തെ തോടിന് കുറുകെ പാലം പണിത് വഴിസൗകര്യവും ലഭ്യമാക്കിയിരുന്നു. ഒരിക്കലും വറ്റാത്ത കിണറും സ്ഥാപിച്ചു. കെട്ടിടത്തിലേക്കുള്ള വഴിയും ചുറ്റുപാടും കാടുകയറി കിടക്കുന്നതിനാൽ നിലവിൽ ശൗചാലയത്തിലേക്ക് എത്തിച്ചേരാൻ പ്രയാസമാണ്. ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ് ഇവിടെ.

നടപ്പാതയും കാടുകയറി

ശൗചാലയത്തിന്റെ തൊട്ടടുത്തായി പ്രവർത്തിക്കുന്ന അങ്കണവാടിയുടെ നടപ്പാതയും കാടുകയറി. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കി പ്രദേശത്തെ കാടുവെട്ടിത്തെളിക്കണമെന്ന് പഞ്ചായത്ത് കമ്മറ്റിയിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് വാർഡ് മെമ്പർ പ്രീതാകുമാരി പറഞ്ഞു. പഞ്ചായത്ത് വക സ്റ്റേഡിയവും അനുബന്ധസ്ഥലവും കാടുകയറിക്കിടക്കുന്ന അവസരം മുതലെടുത്ത് ചില സ്വകാര്യവ്യക്തികൾ സ്ഥലം കൈയ്യേറുന്നതായും പരാതിയുണ്ട്.

ശൗചാലയം ലേലം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണം. പഞ്ചായത്ത് സ്റ്റേഡിയവും അനുബന്ധ സ്ഥലങ്ങളും അടിയന്തിരമായി ശുചീകരിക്കണം.

രാജൻ, പ്രദേശവാസി