lift
പ്രവർത്തന രഹിതമായി കിടക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റ്‌

അടിമാലി: അടിമാലി താലൂക്ക് ആശുപത്രി ലിഫ്റ്റ് തകരാറ് പരിഹരിക്കൽ തർക്കത്തിൽ. കഴിഞ്ഞ മൂന്ന് ആഴ്ച ആയിട്ടും തകരാറ് പരിഹരിക്കുന്നതിനു പകരം പസ്പരം പഴിചാരൽ തുടരുന്നു.കഴിഞ്ഞ 19 നാണ് ലിഫ്റ്റ് തകരാറിലായത്.ചിത്തിരപുരം സ്വദേശികളായ നാരായണൻ (78) മറിയാമ്മ (64) എന്നിവരാണ് ലിഫ്ടിൽ കുരുങ്ങിയത്. അടിമാലി ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.റാമ്പ് സൗകര്യമില്ലാത്തതിനാൽ മൂന്നാം നിലവരെ രോഗികളെ ചുമന്ന് കയറ്റേണ്ട അവസ്ഥ തുടരുകയാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും ആശുപത്രി അധികൃതരും ലിഫ്റ്റ് കമ്പിനി അധികൃതരും പരസ്പരം ആരോപണങ്ങളുമായി പോകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്.
ലിഫ്റ്റ് കമ്പിനി അധികൃതർ അറിയാതെ ഫയർഫോഴ്‌സിനെ വിളിച്ച് ആളുകളെ രക്ഷപ്പെടുത്തിയതുമൂലം ലിഫ്റ്റ് തകരാറ് പരിഹരിക്കാൻ പറ്റില്ല എന്ന നിലപാടിലാണ് സ്വകാര്യ ലിഫ്റ്റ് കമ്പിനി പറയുന്നത്.

നിലവാരമില്ലാത്ത കമ്പിനിയെ ലിഫ്റ്റ് സ്ഥാപിക്കാൻ ചുമതല ഏല്പിച്ച പൊതുമരമാത്ത് ഇലക്ട്രിക്കൽ വിഭാഗം നടപടി സ്വീകരിച്ചതാണ് തകരാർ ആകുനതിന് കാരണമെന്നാണ് ബ്ലോക്ക് പഞ്ചായത്തും ആശുപത്രി അധികൃതരും പറയുന്നത്. അതിനാൽ പൊതുമരാമത്ത് വിഭാഗം ഈ വിഷയത്തിൽ ഇടപെടണം എന്ന നിലപാടാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്തു നിന്നുമുള്ളത്.എന്നാൽ തകരാറ് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് മെല്പ്പോക്ക് നയമാണ് ആശുപത്രി അധികൃതരുടെത്.

ഓപ്പറേറ്റർ

ഇല്ലാതെ ഒരുവർഷം

കഴിഞ്ഞ തവണതകരാറ് സംഭവിച്ചപ്പോൾ കമ്പിനി അധികൃതർ തകരാറ് പരിഹരിച്ച് ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കണമെന്ന് ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഓപ്പറേറ്ററെ നിയമിക്കാൻ ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. രോഗികൾ ഇഷ്ടത്തിനനുസരിച്ച് ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നതാണ് തകരാറിന് കാരണം എന്ന നിലപാടാണ് കമ്പിനി നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിനുകാരണം പറയുന്നത്.