വൈക്കം: മഹാദേവ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 21 മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം നല്കിയിരുന്നില്ല.
രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 7 വരെയാണ് നിയന്ത്രണങ്ങളോടെ ദർശനം. ഭക്തർ കിഴക്കേ ഗോപുരത്തിലുടെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ദർശനത്തിന് ശേഷം മീനം രാശികുളത്തിന് സമീപമുള്ള വാതിലിലുടെ പുറത്തേക്ക് പോകണം. കിഴക്കേ ഗോപുരം ഒഴികെ മറ്റു ഗോപുരനടകൾ തുറക്കില്ല. ഒരേ സമയം 10 പേർക്കാണ് ദർശനം സൗകര്യം ഒരുക്കിയിരിക്കുന്നത്. 6 അടി അകലം വേണമെന്ന നിർദേശം അനുസരിച്ച് ഭക്തർ നിൽക്കേണ്ട ഭാഗം മാർക്ക് ചെയ്തിരിക്കും. ഭക്തർ മുഖാവരണം ധരിക്കുകയും പേന കൊണ്ടു വരുകയും വേണം.
ആദ്യം വരുന്നവർ ആദ്യം എന്ന ക്രമത്തിലായിരിക്കും ദർശനം അനുവദിക്കുക.10 വയസിൽ താഴെയുള്ളവരും 65 വയസിന് മുകളിൽ ഉള്ളവരും ഗർഭിണികളും മറ്റു രോഗബാധയുള്ളവർക്കും ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുമതിയില്ല. തീർത്ഥം, പ്രസാദം എന്നിവ നേരിട്ട് നൽകില്ല. അന്നദാനം പ്രാതൽ, അത്താഴ ഭക്ഷണം, ചോറൂണ് എന്നിവയും ഉണ്ടായിരിക്കില്ല. ഭക്തർ പ്രവേശിക്കുന്ന ഭാഗങ്ങളിൽ കൈ കഴുകുന്നതിന് സൗകര്യം ഒരുക്കുന്നുണ്ട്. നാമജപം നടത്തുന്നത് നിശബ്ദദമായിരിക്കണം. ഭക്തർ പരസ്പരമോ ക്ഷേത്ര ജീവനക്കാരെയൊ സ്പർശിക്കരുത്. ഭക്തർ ഉപയോഗിക്കുന്ന പാദരക്ഷകൾ ഒരുസ്ഥലത്ത് ഒരുമിച്ച് ഇടുന്നത് ഒഴിവാക്കണം. ഭക്തർ കൊണ്ടുവരുന്ന വഴിപാടു സാധനങ്ങൾ പ്രത്യേകം തയാറാക്കിയ ഭാഗത്ത് സമർപ്പിക്കണം. ക്ഷേത്രത്തിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണം.