പാലാ: ഹാൾ ടിക്കറ്റിൽ ഉത്തരമെഴുതി കൊണ്ടുവന്നെന്നാരോപിച്ച് ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജിലെ പരീക്ഷാസെന്ററിൽ നിന്ന് പരസ്യമായി അപമാനിച്ച് ഇറക്കിവിട്ടതിൽ മനംനൊന്ത് ബി.കോം വിദ്യാർത്ഥിനി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമായി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് ഷാജി-സജിത ദമ്പതികളുടെ മകൾ അഞ്ജു പി. ഷാജി (20)യാണ് ആത്മഹത്യചെയ്തത്. മൃതദേഹം കണ്ടെത്തി. അഞ്ജുവിന്റെ ബാഗും കുടയും കണ്ടെത്തിയ ചേർപ്പുങ്കൽ പാലത്തിന് ഒരു കിലോമീറ്റർ താഴെ ചെമ്പിളാവ് പാലത്തിനു സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ജുവിനെ മാനസികമായി പീഡിപ്പിച്ച കോളേജ് അധികൃതരോട് എം.ജി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോൾ വിഭാഗം വിശദീകരണം തേടി. കോളേജിനെതിരെ എസ്.എൻ.ഡി.പി യോഗം അടക്കമുള്ള വിവിധ സംഘടകൾ പ്രതിഷേധവുമായെത്തി. അതിനിടെ, വിദ്യാർത്ഥിനിയുടെ ഹാൾടിക്കറ്റിൽ ഉത്തരങ്ങൾ എഴുതിയിരുന്നെന്നുകാട്ടി പരീക്ഷ സെന്റർ അധികൃതർ രംഗത്തെത്തി.
കാഞ്ഞിരപ്പള്ളി സെന്റ്. ആന്റണീസ് കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിനിയാണ് അഞ്ജു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് നടന്ന അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ ബി.വി.എം കോളേജിൽ പോയ അഞ്ജു തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് പിതാവ് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.
പഠനത്തിൽ മിടുക്കി
അഞ്ജു പഠനത്തിൽ മിടുക്കിയാണെന്ന് സെന്റ്. ആന്റണീസ് കോളേജിലെ അദ്ധ്യാപകരും പിതാവ് ഷാജിയും പറയുന്നു. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾക്ക് ഫസ്റ്റ് ക്ളാസ് അടുത്ത് മാർക്കുണ്ട്. പരീക്ഷ തുടങ്ങി അരമണിക്കൂറിനുശേഷമാണ് അദ്ധ്യാപകൻ അഞ്ജുവിന്റെ ഹാൾടിക്കറ്റും മറ്റും പരിശോധിച്ചത്. ഹാൾടിക്കറ്റിൽ ഉത്തരം എഴുതിവച്ചിട്ടുണ്ടെന്ന് ആരോപിച്ച് പേപ്പറും മറ്റും വാങ്ങിയ ശേഷം പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രിൻസിപ്പലെത്തി മറ്റു വിദ്യാർത്ഥികളുടെ മുന്നിൽവച്ച് പരസ്യമായി ശാസിച്ചെന്നാണ് പരാതി. പൊട്ടിക്കരഞ്ഞുകൊണ്ട് കുറച്ചു സമയം കൂടി ഹാളിൽ ഇരുന്ന അഞ്ജു ഇറങ്ങിപ്പോയി.
പൊലീസ് പറയുന്നത്
സംഭവത്തിൽ മാനസികമായി തകർന്ന അഞ്ജു ബാഗും കുടയും മറ്റും ചേർപ്പുങ്കൽ പാലത്തിൽവച്ച ശേഷം ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാവിലെ മുതൽ അഗ്‌നിശമനസേനയും ഈരാറ്റുപേട്ട നന്മ മുങ്ങൽ ടീമും നടത്തിയ തെരച്ചിലിലാണ് ചെമ്പിളാവ് പാലത്തിനുസമീപം ആറ്റുതീരത്തോട് ചേർന്നുനിൽക്കുന്ന വള്ളിപ്പടർപ്പുകളിൽ തങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ അച്ഛനും അടുത്ത ബന്ധുക്കളും എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച്, മീനച്ചിൽ യൂണിയനുകളിലെ അംഗങ്ങളും രാവിലെ മുതൽ ചേർപ്പുങ്കലുണ്ടായിരുന്നു.
സമരം
കോളേജിന് മുന്നിൽ സമരം നടത്തിയ ബി.ജെ.പി - യുവമോർച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. കോളേജ് ആധികൃതർക്കെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ചിഞ്ചു, ജാതവേദൻ.
വനിതാകമ്മിഷൻ കേസെടുത്തു
അഞ്ജുവിന്റെ മരണത്തിൽ സംസ്ഥാന വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷനംഗം ഇ.എം.രാധയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. യുവജനകമ്മിഷനും കേസെടുത്തു.