കോട്ടയം : വറ്റിയ തോടുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്നു. 30 വർഷമായി തരിശായി കിടന്ന പാടങ്ങൾ നൂറ് മേനി വിളവ് തരുന്നു. മാലിന്യകേന്ദ്രങ്ങൾ വിശ്രമകേന്ദ്രങ്ങളാകുന്നു. തോടുകളിലൂടെ ചെറുവള്ളങ്ങളിൽ ആളുകൾ യാത്ര ചെയ്യുന്നു. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ പുനസംയോജന പദ്ധതിയിലൂടെ നികന്നു പോയ തോടുകളും വികസനത്തിന്റെ പേരിൽ റോഡായി മാറിയ അരുവിയും, നാട്ടുകാർ കൈയേറി പറമ്പായി മാറ്റിയ പുഴയുമൊക്കെ കോട്ടയം തിരിച്ചു പിടിച്ചു.
തോടുകളിലും ആറുകളിലും ആഴം കൂടിയതോടെ ഒരു മഴ പെയ്താൽ വെള്ളം പൊങ്ങുന്ന അവസ്ഥയും ഓർമ്മയാകുകയാണ്. മൂന്നുവർഷം മുമ്പ് പ്രാദേശിക തലത്തിൽ തുടങ്ങിയ ഒരു പരിപാടി ജന,ജല മുന്നേറ്റത്തിന്റെ കുതിച്ചൊഴുക്കായി. കോട്ടയം ഏറ്റവും കൂടുതൽ നെല്ലുത്പാദിച്ച ജില്ലയായി. തോടുകൾ വൃത്തിയായതോടെ നഷ്ടമായ മത്സ്യ സമ്പത്ത് വർദ്ധിച്ചു. ഇപ്പോൾ തോരാമഴയത്തും പടിഞ്ഞാറൻ മേഖല ആദ്യമായി വെള്ളം കയറാതെ നിൽക്കുകയാണ്.
വീണ്ടെുത്തത് ഇതൊക്കെ
1500 കിലോമീറ്റർ തോടുകൾ
4400 ഏക്കർ തരിശുനില കൃഷി
വിശ്രമകേന്ദ്രങ്ങൾ
15 കോടി അനുവദിച്ചു
പ്രളയരഹിത കോട്ടയം പദ്ധതി പ്രവർത്തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഒരുകോടി 15 ലക്ഷം രൂപ അനുവദിച്ചു. തിരുവാർപ്പ് - അയ്മനം പഞ്ചായത്തുകളിലെ തൊണ്ടമ്പ്രാൽ - അറുപറ അഞ്ചുണ്ണി തോട്, തൊണ്ടമ്പ്രാൽ - പ്രാപ്പുഴ തോട്, സൂര്യകാലടി - നമ്പ്യാട്ട് - വെട്ടിക്കുഴി - നാട്ട് തോട്, പുത്തനാർ - പാറേച്ചാൽ തോട്, കണ്ണങ്കര - മഠത്തിൽപറമ്പിൽ - താന്നിക്കാട്ട് മറ്റം തോട്, പള്ളിക്കടവ് - പടിയറക്കടവ് മുളയ്ക്കാം ചിറ കനാലിന്റെ പള്ളികടവ് മുതൽ കാവനാടി പാലം വരെ തുടങ്ങി വ്യാപകമായി ചെളി നീക്കം ചെയ്യൽ പ്രവർത്തങ്ങൾ നടന്നു വരികയാണ്.
''
ജനകീയ കൂട്ടായ്മ പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങി കേരളത്തിന് മാതൃകയാകുകയാണ് അഡ്വ.കെ.അനിൽകുമാർ
പദ്ധതി കോ-ഓർഡിനേറ്റർ