കോട്ടയം: മീനച്ചിലാറ്റിൽ നിന്ന് അഞ്ജുവിന്റെ മൃതദേഹവും താങ്ങിയെടുത്ത് പൊലീസും ഫയർഫോഴ്സും കരയിലേക്കെത്തുമ്പോൾ പിതാവ് ഷാജി അലറിക്കരഞ്ഞു. '' അവരെന്റെ മോളെ കൊന്നതാണ്. അവൾ കോപ്പിയടിക്കില്ല. അവളെ മാനസികമായി തളർത്തിയതാണ്. മുക്കാൽ മണിക്കൂറോളമാണ് എന്റെ കുഞ്ഞ് കരഞ്ഞുകൊണ്ട് ഹാളിനുള്ളിൽ ഇരുന്നത്. അവൾ കോപ്പിയടിച്ചെന്ന് പറയുന്നത് പച്ചക്കള്ളമാണ്. നന്നായി പഠിക്കും. അത്ര ധൈര്യക്കുറവുള്ള കുട്ടിയല്ല. അത്രമേൽ അപമാനം ഏൽക്കേണ്ടി വന്നതിനാലാണ് ഈ കടുംകൈ ചെയ്തത്. ഇതിനു പിന്നുലുള്ളവരെ അറസ്റ്റ് ചെയ്യണം. ഇനി ഒരാൾക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്'' ഷാജി പറഞ്ഞു.

ടാപ്പിംഗ് തൊഴിലാളിയായ ഷാജിയും വസ്ത്രശാല ജീവനക്കാരിയായ സജിതയും കഷ്ടപ്പെട്ടാണ് അഞ്ജുവിനെ പഠിപ്പിച്ചത്. മൂത്തമകൾ ചിഞ്ജു വിവാഹിതയാണ്. ഫലം വന്ന രണ്ട് സെമസ്റ്ററുകളിലും നല്ല മാർക്കുണ്ടായിരുന്നതിനാൽ അഞ്ജുവിലായിരുന്നു പ്രതീക്ഷ. അദ്ധ്യാപകർക്കും നല്ല അഭിപ്രായമാണ്. പഠിക്കാൻ മിടുക്കിയായിരുന്നെന്ന് അഞ്ജു പഠിക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ എ.ആർ.മധുസൂദനൻ പറഞ്ഞു.