കോട്ടയം : പരീക്ഷ എഴുതാൻ വീട്ടിൽ നിന്ന് ഇറങ്ങിയ അഞ്ജുവിനെ രണ്ട് ദിവസത്തിന് ശേഷം തണുത്ത് മരവിച്ച് മീനച്ചിലാറ്റിൽ നിന്ന് കണ്ടെടുക്കേണ്ടി വന്ന മാതാപിതാക്കളുടെ കണ്ണീരിന് മുന്നിൽ വാക്കുകളില്ലാതെ പതറുകയാണ്. അഞ്ജുവിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. പഠനത്തിൽ മിടുക്കിയായ അഞ്ജു കോപ്പിയടിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു പിതാവും ബന്ധുക്കളും.

ബി.കോം കഴിഞ്ഞ് മകളെ ഒരുകരകയറ്റണമെന്ന ചിന്തയിൽ രാവും പകലും കഷ്ടപ്പെട്ട ഷാജി-സജിത ദമ്പതികൾക്ക് പൊട്ടിക്കരയാൻ മാത്രമേ കഴിയുന്നുള്ളൂ. ജിഷ്ണു പ്രണോയി അടക്കമുള്ള വിദ്യാർത്ഥികളുടെ മരണം കണ്ട് വിറങ്ങലിച്ച കേരളത്തിന് അഞ്ജു മറ്റൊരു കണ്ണീർപുഷ്പം കൂടിയായി. ചേർപ്പുങ്കൽ പാലത്തിൽ അഞ്ജുവിന്റെ ബാഗും കുടയും കണ്ടതുകൊണ്ടാണ് ആറ്റിൽ ചാടിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. എങ്കിലും അരുതാത്തത് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു എല്ലാവരുടെയും പ്രാർത്ഥന. രണ്ട് ദിവസങ്ങൾ ശേഷം മൃതദേഹം പാലത്തിന് ഒരുകിലോമീറ്റർ താഴെ നിന്ന് ലഭിച്ചതോടെ എല്ലാ പ്രാർത്ഥനയും വിഫലമായി.

 കർശന നടപടി വേണം: എസ്.എൻ.ഡി.പി യോഗം

അഞ്ജുവിനെ മരണത്തിലേയ്ക്ക് തള്ളിവിട്ട ഹോളിക്രോസ് കോളേജ് അധികൃതർക്കെതിരെ കർശന നടപടിവേണമെന്ന് എസ്.എൻ.ഡി.പി യോഗം ആവശ്യപ്പെട്ടു. നിർദ്ധന കുടുംബത്തിന്റെ കണ്ണീരിന് അധികൃതർ മറുപടി പറയണം. സഹവിദ്യാർത്ഥികളുടെ മുന്നിൽ അപമാനിക്കപ്പെട്ടതിൽ മനം നൊന്താണ് അഞ്ജു മരണത്തെ പുൽകിയത്. കോളേജ് അധികൃതർക്ക് തെളിവ് നശിപ്പിക്കുകയും തങ്ങൾക്ക് അനുകൂലമായി പുതിയ തെളിവുകൾ ഉണ്ടാക്കുമെന്നും സംശയമുണ്ട്. അതുകൊണ്ട് ഉന്നത ഏജൻസികൾ അന്വേഷിക്കണമെന്നും ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്, മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

 തുടർസമരത്തിന് ബി.ജെ.പിയും എ.ബി.വി.പിയും

ചേർപ്പുങ്കൽ കോളേജ് അധികൃതരുടെ മാനസീക പീഡനം ആരോപിച്ച് ബിജെപി പ്രവർത്തകർ ബി.വി.എം ഹോളി ക്രോസ്‌ കോളേജിലേക്ക് മാർച്ച് നടത്തി. പ്ലക്കാർഡുകളുമായി ബി.ജെ.പി ,യുവമോർച്ച എ.ബി.വി.പി. പ്രവർത്തകർ കോളേജിന് മുൻപിൽ നടത്തിയ ധർണ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി ഉദ്ഘാടനം ചെയ്തു. മരണം സംബന്ധിച്ച പ്രത്യേക ടീം അന്വേഷിക്കണമെന്നും അഞ്ജുവിന് നീതി ലഭിക്കും വരെ സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.