ആയിരത്തോളം വീടുകളിൽ പ്ലാവിൻ തൈകൾ നടും
പാലാ: ഏഴാച്ചേരിയെ തേൻവരിക്കപ്ലാവുകളുടെ ഗ്രാമമാക്കാൻ പദ്ധതി. രാമപുരം പഞ്ചായത്തിന്റെ മൂന്നു വാർഡുകൾ ഉൾക്കൊള്ളുന്ന ഏഴാച്ചേരി ഗ്രാമത്തിലെ ആയിരത്തോളം വീടുകളിൽ അത്യുൽപ്പാദനശേഷിയുള്ള അപൂർവ ഇനം തേൻവരിക്കപ്ലാവിൻ തൈകൾ സ്റ്റോണേജ് നേച്ചർ ആന്റ് കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്. 250 രൂപാ നിരക്കിലുള്ള പ്ലാവിൻ തൈകൾ 100 രൂപാ സബ്‌സിഡി നിരക്കിൽ ക്ലബ് വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ മൂന്നു വാർഡുകളിലുമായി 100 കുടുംബങ്ങൾക്കാണ് തൈകൾ നൽകുന്നത്. ഇവ നന്നായി പരിപാലിക്കുന്നവർക്ക് പ്രത്യേകം പുരസ്‌ക്കാരവും നൽകുമെന്ന് ക്ലബ് ഭാരവാഹികളായ കെ. അലോഷ്യസ്, വി.ജി. ചന്ദ്രൻ , അനിൽകുമാർ എന്നിവർ പറഞ്ഞു.രണ്ടാം ഘട്ടമായി 400 തൈകളും മൂന്നാം ഘട്ടമായി 500 തൈകളും വിതരണം ചെയ്യും. ഒന്നാം ഘട്ടത്തിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് സബ്‌സിഡി നിരക്കിൽ തൈകൾ നൽകുന്നത്. ഫോൺ 9495 71 6677, 9446122139. ആദ്യഘട്ടം പ്ലാവിൻ തൈകളുടെ വിതരണം 13ന് രാവിലെ 10ന് ക്ലബ് ഹാളിൽ നടക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സാമൂഹ്യ അകലം പാലിച്ചാണ് തൈ വിതരണം. പഞ്ചായത്ത് മെമ്പർമാരായ സോണി ജോണി, ഷൈനി സന്തോഷ്, എം.ഒ. ശ്രീക്കുട്ടൻ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിക്കും. പ്രമുഖ ചക്ക കർഷക വിദഗ്ധൻ തോമസ് കട്ടക്കയം കർഷകർക്കായി ക്ലാസ് നയിക്കും.കെ.അലോഷ്യസ് അദ്ധ്യക്ഷത വഹിക്കും.