കോട്ടയം : ഇന്ന് മുതൽ തുറക്കാൻ അവസരം ലഭിച്ചെങ്കിലും സ്വകാര്യ ബസുകളുടെ അവസ്ഥയാകുമോ തങ്ങൾക്കുമെന്ന ആശങ്കയാണ് ഹോട്ടലുടമകൾക്ക്. 60 ശതമാനം ഹോട്ടുലകളാണ് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുക. ഇതിന്റെ ഭാഗമായി ഇന്നലെ ശുചീകരണം നടത്തി. അന്യസംസ്ഥാനക്കാർ പോയതോടെ ജീവനക്കാരുടെ അഭാവമാണ് പ്രധാന പ്രശ്നം. രണ്ട് മാസം അടഞ്ഞുകിടന്നതോടെ സാധനങ്ങൾ വാങ്ങാനുള്ള പണവുമില്ല. ഇത്രയും കഷ്ടപ്പെട്ട് ഭക്ഷണമുണ്ടാക്കിയാൽ വിറ്റുപോകുമോയെന്ന ആശങ്കയുമുണ്ട്.

നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ പല ഹോട്ടലുടമളും തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ആവശ്യത്തിന് ജോലിക്കാരും സൗകര്യങ്ങളുമുള്ളവർ മാത്രമാകും ഇന്നു മുതൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുക. ബാക്കിയിടങ്ങളിൽ പാഴ്‌സൽ സർവീസ് മാത്രമായിരിക്കും.

ജില്ലയിൽ 2000 ഹോട്ടലുകൾ, അസോസിയേഷനിൽ 1200 അംഗങ്ങൾ

വെജിറ്റേറിയൻ ഉടനില്ല
പാഴ്‌സൽ വിഭവങ്ങൾക്ക് ഡിമാൻഡില്ലാതിരുന്നതിനാൽ വെജിറ്റേറിയൻ ഹോട്ടലുകൾ ഏറെയും ലോക്ഡൗൺ ആരംഭിച്ച ശേഷം തുറന്നിരുന്നില്ല. ഇന്നു തുറന്നാലും എല്ലാ ഹോട്ടലുകളിലെയും മെനുവിൽ വിഭവങ്ങൾ കുറവായിരിക്കും. ജീവനക്കാരുടെ കുറവാണ് പ്രധാന കാരണം.

ഇവ പാലിക്കണം

 പാത്രങ്ങൾ 60 ഡിഗ്രിയിൽ കുറയാത്ത ചൂടുള്ള വെള്ളത്തിൽ കഴുകണം

 പച്ചക്കറികൾ ക്ളോറിൻ വെള്ളത്തിൽ ഉൾപ്പെടെ കഴുകണം

 മേശയും നിലവും സോഡിയം ഹൈഡ്രോ ക്ളോറൈഡ് ലായനിയിൽ ശുചീകരിക്കണം

'' സാമ്പത്തിക പ്രതിസന്ധിക്കിടെ ഹോട്ടലുകൾ തുറക്കുമ്പോൾ ഒരു മാനദണ്ഡവുമില്ലാതെയാണ് വഴിയോരക്കച്ചവടം നടക്കുന്നത്. ഇതിന് കൂടി പരിഹാരം വേണം. കൊവിഡ് സുരക്ഷ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്

എൻ.പ്രതീഷ്, ജില്ലാ സെക്രട്ടറി

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.