കോട്ടയം: കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽ നിന്നും ഇന്നലെ നടത്തിയത് 44 സർവീസുകൾ. സർവീസുകളുടെ എണ്ണം വർദ്ധിച്ചതോടെ ഡിപ്പോയുടെ വരുമാനവും ഉയർന്നു. നഷ്ടം മൂലം ഇന്നലെ ചുരുക്കം സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. കുമളി,എറണാകുളം,പാലാ, ഈരാറ്റുപേട്ട,മെഡിക്കൽ കോളേജ്,ചേർത്തല,ആലപ്പുഴ,തിരുവല്ല എന്നിവിടങ്ങളിലേയ്ക്കാണ് കോട്ടയം ഡിപ്പോയിൽ നിന്നുള്ള സർവ്വീസ്.
ഡിപ്പോയിൽ നിന്ന് ഉൾപ്രദേശങ്ങളായ കാവാലം, പരിപ്പ്, നെടുംകുന്നം, കല്ലൂങ്കത്രപള്ളി എന്നിവിടങ്ങളിലേയ്ക്ക് ഓരോ ബസുകൾ വീതം സർവീസ് നടത്തുന്നുണ്ട്. ചങ്ങനാശേരി ഡിപ്പോയിൽ നിന്നും ഇന്നലെ 37 സർവീസ് നടത്തിയത്. കറുകച്ചാൽ, നെടുംകുന്നം ഭാഗങ്ങളിലേയ്ക്ക് സ്വകാര്യ ബസുകൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ ട്രിപ്പ് നടത്തിയിരുന്നു. ഡിപ്പോയിൽ നിന്നുള്ള വരുമാനത്തിൽ വർദ്ധനവുണ്ടെന്ന് അധികൃതർ പറഞ്ഞു.