അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ അടിമാലി എട്ട്മുറിക്ക് സമീപം പാത തകർന്ന് കിടക്കുന്നത് യാത്രാ ദുരിതമാകുന്നു..കഴിഞ്ഞ ഒന്നരവർഷത്തോളമായി ഇവിടെ റീ ടാറിംങ്ങ് നടത്താത്തതാണ് റോഡിന്റെ തകർച്ച പൂർണ്ണമാക്കിയത്.കലുങ്ക് നിർമ്മാണത്തിനായി പ്രദേശത്ത് നിന്ന് മണ്ണ് നീക്കം ചെയ്യുകയും നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീടിവിടെ റീ ടാറിംഗ് നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകാതെ വന്നതാണ് പ്രശ്‌നങ്ങൾക്ക് ഇടവരുത്തിയത്.ഇവിടങ്ങളിൽ രൂപപ്പെട്ട വലിയ കുഴികളിൽ അകപ്പെട്ട് ചെറുവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി വ്യാപക പരാതിയാണ് ഉയർന്നിരുന്നത്..കലുങ്ക് നിർമ്മാണത്തിന് ശേഷം പ്രദേശത്ത് മണ്ണിട്ട് പാതനിരപ്പാക്കിയിരുന്നു.എന്നാൽ വേനൽമഴയിൽ ഈ മണ്ണ് ഒഴുകിപ്പോകുകയും കുഴികൾ രൂപപ്പെടുകയും ചെയ്തു.നിലവിലെ സാഹചര്യം തുടർന്നാൽ മഴക്കാലമാകുന്നതോടെ പാത കൂടുതൽ തകരുകയും ദേശിയപാതയിൽ ഗതാഗതകുരുക്കിന് ഇടവരുത്തുകയും ചെയ്യും.ദേശിയപാത വിഭാഗം പ്രശ്‌നത്തിൽ ഇടപെടൽ നടത്തി പാതഗതാഗതയോഗ്യമാക്കണമെന്ന് വാഹനയാത്രികർ ആവശ്യമുന്നയിക്കുന്നു.