സമൂഹവ്യാപന സാദ്ധ്യത പരിശോധിക്കും

കോട്ടയം : ജില്ലയിൽ ഇന്നലെ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മേയ് 27ന് കുവൈറ്റിൽ നിന്നെത്തി തുരുത്തിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനിക്കും (46), അകലക്കുന്നം സ്വദേശിനിക്കും (45), മേയ് 29 ന് സൗദി അറേബ്യയിലെ ജിദ്ദയിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കൊടുങ്ങൂർ സ്വദേശിനിക്കും (30) ആണ് രോഗം ബാധിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 35 ആയി. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അതേസമയം സമൂഹ വ്യാപന സാദ്ധ്യത പരിശോധിക്കാൻ ഇന്ന് മുതൽ വിപുലമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
വിവിധ മേഖലകളിൽ നിന്നായി അഞ്ഞൂറ് സാമ്പിളുകളാണ് പരിശോധിക്കുക. ഓരോ മേഖലകളിലും നിന്ന് ലഭിക്കുന്ന പട്ടികയിൽനിന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ള എണ്ണം ആളുകളെ മുൻനിശ്ചയ പ്രകാരമല്ലാതെ തിരഞ്ഞെടുത്താണ് പരിശോധന. കറുകച്ചാൽ, തലയോലപ്പറമ്പ്, ഉള്ളനാട്, എരുമേലി, ഇടമറുക് എന്നീ ആരോഗ്യ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് സാമ്പിൾ ശേഖരണം. സാമ്പിൾ ശേഖരണത്തിനായി വിവിധ മേഖലകളിലുള്ളവരെ അഞ്ചു ഗ്രൂപ്പുകളും അനുബന്ധ ഉപവിഭാഗങ്ങളമായി തിരിച്ചിട്ടുണ്ട്.