# പൊലീസ് മൃതദേഹം ബലമായി കയറ്റിവിട്ടു
# ആംബുലൻസിൽ നിന്ന് ബന്ധുക്കളെ ഇറക്കിവിട്ടു
# വഴിയിൽ തടഞ്ഞ് പിതാവ് അടക്കം പ്രതിഷേധിച്ചു
കോട്ടയം: കോപ്പിയടിച്ചെന്ന് ആരോപിച്ച് ചീർപ്പുങ്കൽ ഹോളി ക്രോസ് സ്വാശ്രയ കാേളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ അവസാന വർഷ ബി.കോം വിദ്യാർത്ഥിനി അഞ്ജു പി.ഷാജി വീട്ടുവളപ്പിലെ ചിതയിൽ എരിഞ്ഞടങ്ങി.
മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഏറെ നാടകീയ രംഗങ്ങൾ കടന്നാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് ഷാജി- സജിത ദമ്പതികളുടെ മകൾ അഞ്ജുവിന്റെ മൃതദേഹം ഇന്നലെ രാവിലെ 11.30 ഓടെ പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് ഏറ്റെടുത്ത് ബലമായി ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു. ആംബുലൻസിൽ നിന്ന് ബന്ധുക്കളെ ഇറക്കിവിട്ടു.
കോട്ടയത്ത് പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന അച്ഛൻ ഷാജി എത്തുന്നതുവരെ കാക്കണമെന്ന് പറഞ്ഞെങ്കിലും ചെവിക്കൊള്ളാതെ ആംബുലൻസ് കുതിച്ചു. മണർകാട് വച്ച് ബി.ജെ.പി,യുവമോർച്ച പ്രവർത്തകർ ആംബുലൻസ് തടഞ്ഞു. അതിനുശേഷമാണ് ബന്ധുക്കൾക്ക് മൃതദേഹത്തെ അനുഗമിക്കാനായത്.
പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വീടിന് ഒരു കിലോമീറ്റർ അകലെ പൊടിമറ്റത്ത് സ്ത്രീകളടങ്ങുന്ന സംഘം ആംബുലൻസ് തടഞ്ഞു. ആംബുലൻസിന് മുന്നിൽ പിതാവ് ഷാജിയും സഹോദരനും ബന്ധുക്കളും എസ്.എൻ.ഡി.പി യോഗം പ്രവർത്തകരും ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.ഹരിയും നിലയുറപ്പിച്ചു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അവിടെ എത്തിയ പി.സി.ജോർജ് എം.എൽ.എ അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞത്. വീട്ടിലേക്ക് അഞ്ജുവിനെ എത്തിക്കുമ്പോഴേക്കും പരിസരം കണ്ണീർക്കടലായി. മകളുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ സജിത കുഴഞ്ഞു വീണു. രണ്ട് മണിക്കൂറോളം പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാരം.
പൊളിയുന്ന വാദങ്ങൾ
1) കൊവിഡ് മാനദണ്ഡ പ്രകാരം കർശന സുരക്ഷയിലാണ് പരീക്ഷ നടന്നത്. ഗേറ്റിൽ ഹാൾ ടിക്കറ്റടക്കം പരിശോധിച്ച ശേഷമാണ് കയറ്റി വിടുക. പരീക്ഷാ ഹാളിലും ഹാൾ ടിക്കറ്റ് പരിശോധിച്ച ശേഷമേ ചോദ്യപേപ്പറും കടലാസും നൽകൂ. അപ്പോഴൊന്നും ഉത്തരം എഴുതിവച്ചത് കണ്ടെത്തിയിരുന്നില്ല.
2) 11 പരീക്ഷകളിൽ ആറാമത്തേത് എഴുതുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. അഞ്ച് പരീക്ഷകൾ കൂടി എഴുതാനിരിക്കെ ഹാൾ ടിക്കറ്റ് നിറയെ ഉത്തരം എഴുതിയെന്നത് യുക്തിയില്ലാത്ത വാദം.
3) ഹാൾ ടിക്കറ്റിനെ കുറിച്ച് സഹോദരീ ഭർത്താവ് ശനിയാഴ്ച പൊലീസിനോട് ചോദിച്ചപ്പോൾ സുരക്ഷിതമായി തങ്ങളുടെ കൈവശമുണ്ടെന്നാണ് പറഞ്ഞത്. തിങ്കളാഴ്ച ഇതേ ഹാൾടിക്കറ്റ് കോളേജ് അധികൃതർ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
'' നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. അഞ്ജുവിന്റെ ബന്ധുക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണം''
-എസ്.എൻ.ഡി.പി യോഗം