hall

കോട്ടയം: ബി.കോം വിദ്യാർത്ഥിനി അഞ്ജു ജീവനൊടുക്കിയ സംഭവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് സ്വാശ്രയ കോളേജിലെ ഇൻവിജിലേറ്റർ, പ്രിൻസിപ്പൽ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജിയും എസ്.എൻ.ഡി.പിയോഗം ഹൈറേഞ്ച് യൂണിയൻ ഭാരവാഹികളും അഞ്ജു പഠനം നടത്തിയ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിന്റെ അധികൃതരും സംയുക്ത പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കോളേജുകാർ പ്രദർശിപ്പിച്ച ഹാൾ ടിക്കറ്റിന്റെ മറുപുറത്തെ കുറിപ്പുകൾ അഞ്ജുവിന്റെ കൈപ്പടയിലുള്ളതല്ല. നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിക്കില്ല.

പൊലീസ് ഒത്തുകളിക്കുകയാണ്. കുറ്റാരോപിതർ പ്രബലരായതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ട്.

കോളേജ് അധികൃതരുടെ പീഡനമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്.

ശനിയാഴ്ച കാണാതായ അഞ്ജുവിനെ തിരക്കി കോളേജിൽ ചെന്നപ്പോൾ പ്രിൻസിപ്പൽ ആക്ഷേപിച്ച് ഇറക്കി വിട്ടു. സി.സി.ടി.വിയിലെ എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് കാട്ടിത്തന്നത്. ഒരു കുട്ടി കോപ്പിയടിച്ചതായി കണ്ടാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല. ചോദ്യംചെയ്തും ആക്ഷേപിച്ചും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അഞ്ജുവിന്റെ സഹോദരീ ഭർത്താവ് പ്രവീൺ, എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ.പി.ജീരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ്, സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ എ.ആർ.മധുസൂദനൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.