കോട്ടയം: പരീക്ഷ എഴുതാൻ പോയ അഞ്ജു നേരം ഇരുട്ടിയിട്ടും മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് തിരക്കി ഇറങ്ങിയ ബന്ധുക്കൾ ഹോളി ക്രോസ് സ്വാശ്രയ കോളേജ് പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ ക്രൂരമായാണ് പ്രതികരിച്ചതെന്ന് വെളിപ്പെടുത്തൽ.
സഹോദരീ ഭർത്താവ് പ്രവീണാണ് പുരോഹിതനായ പ്രിൻസിപ്പലിനെ കണ്ടുകാര്യം പറഞ്ഞത്.
'' കൊച്ച് വല്ല ആണുങ്ങളുടെയും കൂടെപ്പോയോന്ന് അന്വേഷിക്ക് ''. ക്ഷോഭത്തോടുള്ള ഈ മറുപടി കേട്ട് പതറിപ്പോയ പ്രവീൺ, അവൾ അത്തരക്കാരിയല്ലെന്ന് പറഞ്ഞൊപ്പിച്ചു. കോളേജിലെ സി.സി ടിവി ദൃശ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നായിരുന്നു മറുപടി. അതു കാണാനായി കെഞ്ചി. മടങ്ങിപ്പോവില്ലെന്ന് തോന്നിയപ്പോഴാണ് ദൃശ്യങ്ങൾ കാട്ടാൻ തയ്യാറായത്. കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന അഞ്ജുവിനെയാണ് അതിൽ കണ്ടത്.
അവൾ തൊട്ടാവാടിയല്ലെന്നും, അത്രത്തോളം മാനസികമായി വേദനിപ്പിച്ചിരിക്കാമെന്നും
ജീവനൊടുക്കാൻ അതാണ് കാരണമെന്നും പ്രവീൺ പറയുന്നു.
പ്രിൻസിപ്പലച്ചന്റെ സദാചാരക്കണ്ണുകൾ കോളേജിന്റെ മുക്കിലും മൂലയിലും എത്തുമെന്ന് വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും പറയുന്നു. പ്രതികരിക്കുന്നവരെ പുറത്താക്കും. ആൺകുട്ടിയും പെൺകുട്ടിയും ഒറ്റയ്ക്ക് സംസാരിക്കുന്നത് കണ്ടാൽ വലിയ കുറ്റംചെയ്ത മട്ടിൽ ശകാരിക്കും. വീട്ടുകാരെ വിളിച്ചുവരുത്തുമെന്നും അവർ പറയുന്നു.
ബസ് സ്റ്റോപ്പിൽ നിന്ന് നടന്ന് കോളേജിലേക്ക് വരുമ്പോൾ ഏതെങ്കിലും പെൺകുട്ടിയുടെ കൂടെ ആൺകുട്ടിയുണ്ടെങ്കിൽ അതും പ്രശ്നമാവും.
'' തലകറങ്ങി വീണ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ വേണമെങ്കിൽ എഴുന്നേറ്റ് പോകുമെന്ന് പറഞ്ഞ ഒരു അദ്ധ്യാപകനും ചേർന്നാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. സഹോദരനൊപ്പം ബൈക്കിൽ വന്നിറങ്ങിയ വിദ്യാർത്ഥിനിയെ, ചെറുപ്പത്തിൽ കാശുണ്ടാക്കാൻ പഠിച്ചല്ലോയെന്ന് പരിഹസിച്ചതായി കഴിഞ്ഞ ദിവസം ചാനൽ സംവാദത്തിൽ ഒരു വിദ്യാർത്ഥി നേതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു.