stand

നാഗമ്പടം ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി

കോട്ടയം: ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിക്കിടന്ന നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ് നവീകരണം പുനരാരംഭിച്ചു. സ്റ്റാൻഡിലെ കുഴികൾ നീക്കുന്ന ജോലികളും ഓട നവീകരണവുമായി ഇപ്പോൾ പുരോഗമിക്കുന്നത്. നഗരസഭയുടെ വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ചാണ് സ്റ്റാൻഡ് നവീകരണം. മഴക്കാലത്ത് സ്റ്റാൻഡിൽ വെള്ളക്കെട്ട് പതിവാണ്. ശാസ്ത്രീയമായി ഓടകൾ നിർമ്മിക്കാത്തത് മൂലം കെ.കെ റോഡിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയിരുന്നത് സ്റ്റാൻഡിലേക്കായിരുന്നു.പ്രവേശനകവാട ഭാഗത്തും വെള്ളക്കെട്ട് പതിവാണ്. മലിനജലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് കയറുന്നതിനും ഇടയാക്കിയിരുന്നു. ഓടയുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കും. നവീകരണത്തിന്റെ ഭാഗമായി സ്റ്റാൻഡിലേക്ക് ബസുകൾ കയറിവരുന്ന ഭാഗത്തെ തകർന്നു കിടക്കുന്ന റോഡുകൾ ടാർ ചെയ്യും.

 കെട്ടിടങ്ങൾക്ക് 40 ലക്ഷം

സ്റ്റാൻഡിനുള്ളിലെ കെട്ടിട നവീകരിക്കാൻ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി ടോയ്‌ലെറ്റ് സംവിധാനം ഉൾപ്പെടുന്ന പ്രത്യേക കെട്ടിട സമുച്ചയത്തിന് 73 ലക്ഷം രൂപ, അടുത്തവർഷത്തെ അറ്റകുറ്റപണികൾക്കും മറ്റുമായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നഗരസഭയുടെ പാർക്കിൽ ഫിൽറ്റർ സ്ഥാപിക്കാൻ 3 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

 ബസ് സ്റ്റാൻഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനാണ് തീരുമാനം. ശൗചാലയങ്ങൾ അടുത്തയാഴ്ച തുറക്കും

സാബു പുളിമൂട്ടിൽ, നഗരസഭാ കൗൺസിലർ