കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് പുതിയ കെട്ടിടം പണിയാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമായതോടെ ജൈവ വൈവിദ്ധ്യ ബോർഡ് അംഗങ്ങൾ നാളെ പരിശോധനയ്ക്ക് എത്തുന്നു.
ഏറെ അധികാരമുള്ള ബോർഡിന്റെ തീരുമാനം നിർണായകമാണ്. വനം നശിപ്പിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ കേരളകൗമുദിയാണ് ആദ്യം രംഗത്തു വന്നത്. തുടർന്ന് ഇസ്കഫ് ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. സമരം സി.പി.ഐ ഏറ്റെടുത്തു. കെട്ടിടം പണിയാൻ മെഡിക്കൽ കോളേജ് വളപ്പിൽ മറ്റു സ്ഥലങ്ങളുണ്ടായിട്ടും മരം വെട്ടി മാറ്റി കെട്ടിടം പണിയാനുള്ള വികസന സമിതി നീക്കമാണ് വിവാദമായത്. പുതിയ ബ്ലോക്കിന്റെ പ്ലാനും സ്കെച്ചും നൽകണമെന്ന് ട്രീ ബോർഡും സാമൂഹ്യ വനവത്ക്കരണ വിഭാഗവും ആവശ്യപ്പെട്ടിട്ടും നൽകാതെ വനം വെട്ടി നശിപ്പിച്ച് കെട്ടിടം പണിയാനുള്ള നീക്കവുമായി ബന്ധപ്പെട്ടവർ മുന്നോട്ടു പോകുന്നതിനിടയിലാണ് ജൈവവൈവിദ്ധ്യ ബോർഡ് പരിശോധനയ്ക്ക് എത്തുന്നത്.