anju-shaji

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി അഞ്ജുവിന്റെ മൃതദേഹം കൈമാറിയപ്പോൾ കേട്ടുകേൾവി പോലുമില്ലാത്ത ഇടപെടലാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആംബുലൻസിലുണ്ടായിരുന്ന അമ്മാവനെ ബലമായി ഇറക്കിവിട്ട് സീറ്റ് കൈവശപ്പെടുത്തിയ പൊലീസ് ബന്ധുക്കളെ കയറാൻ അനുവദിച്ചില്ല. പെൺകുട്ടിയുടെ മരണത്തിൽ ഉള്ളുലഞ്ഞ ബന്ധുക്കളെ ഈ നടപടി കൂടുതൽ വേദനിപ്പിച്ചു.

ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മൃതദേഹം ഏറ്റുവാങ്ങി ഒപ്പു ചാർത്തിയ ഉടനെയായിരുന്നു പൊലീസ് ഇടപെടൽ.

'' ഷാജിയും പ്രവീണുമൊക്കെ ഒന്നുവന്നോട്ടെ സാർ. കൊണ്ടുപോവല്ലേ...''ബന്ധുക്കളുടെ യാചന പൊലീസ് ചെവിക്കൊണ്ടില്ല. വീട്ടുകാർ പണം കൊടുത്ത് കൊണ്ടുവന്ന ആംബുലൻസിലാണ് പൊലീസ് അനാവശ്യമായി ഇടപെട്ടത്.

പൊലീസ് ഭാഷ്യം

മൃതദേഹവുമായി ഹോളിക്രോസ് കോളേജിന് മുന്നിൽ പ്രതിഷേധിക്കാൻ ഇടയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇടപെട്ടതെന്ന് പൊലീസ് വാദം. എന്നാൽ സമാനമായ പ്രതിഷേധം പലയിടത്തുമുണ്ടായിട്ടും ഇതുപോലെ പൊലീസ് ഇടപെട്ടിട്ടില്ല. വിലാപയാത്രയായി യാത്രാമൊഴി നൽകാനുള്ള തീരുമാനമാണ് പൊലീസ് അട്ടിമറിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു.

പ്രിൻസിപ്പലിനെ ചോദ്യം ചെയ്യും

'' മൃതദേഹത്തോട് അനാദരവ് കാട്ടാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇത്തരം സംഭവങ്ങളിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കുക എന്നത് പൊലീസിന്റെ ചുമതലയാണ്. അഞ്ജുവിന്റെ മരണം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും'' ജി.ജയദേവ്,

ജില്ലാ പൊലീസ് മേധാവി