പാലാ : പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റത്തെ വെള്ളക്കെട്ട് ഒഴിവാകുന്നു. വാർഡ് കൗൺസിലർ പ്രസാദ് പെരുമ്പള്ളിന്റെ പരാതിയെ തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ പാലാ നഗരസഭ നടപടിയെടുത്തത്. കേബിൾ ജോലിക്ക് ശേഷം മണ്ണ് നിറഞ്ഞ് ഓടകൾ അടഞ്ഞതോടെയാണ് ചെത്തിമറ്റത്ത് വെള്ളക്കെട്ട് പതിവായത്. ഇത് കടുത്ത ദു:ർഗന്ധത്തിനും ഇടയാക്കിയിരുന്നു. സ്ലാബ് ഇളക്കി ഓടയിലെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും നഗരസഭയും തമ്മിൽ തർക്കവും ആശയക്കുഴപ്പവും നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിവേദനവുമായി നഗരസഭാ ചെത്തിമറ്റം വാർഡ് കൗൺസിലർ പ്രസാദ് പെരുമ്പള്ളിൽ രംഗത്തുവന്നത്. ഇതേ തുടർന്ന് നഗരസഭ തനതു ഫണ്ടിൽപ്പെടുത്തി ടെന്റർ നടപടികൾ സ്വീകരിച്ച് പി.ഡബ്ല്യൂ.ഡി അനുമതിയോടെ പണി പൂർത്തീകരിക്കുകയായിരുന്നു. വെള്ളക്കെട്ടൊഴിവാക്കാൻ നടപടി സ്വീകരിച്ച പാലാ നഗരസഭയേയും, കൗൺസിലർ പ്രസാദ് പെരുമ്പള്ളിലിനേയും പാലാ പൗരസമിതി അഭിനന്ദിച്ചു.