കോട്ടയം : കോപ്പിയടി കണ്ടെത്തുമ്പോൾ രേഖകൾ സീൽ ചെയ്ത് സർവകലാശാലയ്ക്ക് നൽകേണ്ടതിന് പകരം കോളേജ് അധികൃതർ പൊലീസിന് നൽകിയതും മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതും ചട്ടലംഘനമാണ്. അഞ്ജു ഹാൾടിക്കറ്റിന് പുറകിൽ ഉത്തരമെഴുതിയെന്നായിരുന്നു കോളേജിന്റെ വിശദീകരണം. സർവകലാശാല നിയമമനുസരിച്ച് കോപ്പിയടി കണ്ടുപിടിച്ചാൽ പേപ്പർ സീൽ ചെയ്ത് സർവകലാശാലയ്ക്ക് കൈമാറണം. സിൻഡിക്കേറ്റ് ഉപസമിതി വിശദ പരിശോധന നടത്തിയാണ് ഡീബാർ അടക്കം നടപടി സ്വീകരിക്കുക. ഹോളിക്രോസ് അധികൃതർ ഈ നടപടി ക്രമങ്ങളൊന്നും പാലിച്ചില്ല.
കോളേജ് അധികൃതർ കൃത്രിമം നടത്തിയെന്നും മകളുടെ കൈയക്ഷരമല്ല ഹാൾടിക്കറ്റിലുള്ളതെന്നും പിതാവ് ഇന്നലെ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സി.സി.ടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തെന്നും പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നും ആദ്യം പറഞ്ഞ സഹപാഠിയെ സ്വാധീനിച്ച് കോളേജ് അധികൃതർ മാറ്റി പറയിപ്പിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
'കോളേജ് അധികൃതർ ഇതുവരെ ചെയ്ത നടപടികൾ സർവകലാശാലാ ചട്ടലംഘനമാണ്. കോപ്പിയടി പിടിച്ചാൽ ഉത്തരമെഴുതി കൊണ്ടുവന്ന കടലാസ് സീൽ ചെയ്ത് സർവകലാശാലയ്ക്ക് നൽകണം. പൊലീസ് ചോദിച്ചപ്പോൾ പൊട്ടിച്ചു കൊടുത്തെന്ന് പറയുന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. ഇതിന് സർവകലാശാലയുടെ അനുവാദം വേണം".
- ഡോ.ഷീന ഷുക്കൂർ, എം.ജി സർവകലാശാല
മുൻ പ്രോ-വൈസ് ചാൻസലർ