കോട്ടയം : ജില്ലയിൽ പുതുതായി എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രണ്ടുപേർ കൂടി കൊവിഡ് മുക്തരായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25), വെള്ളാവൂർ സ്വദേശിയും (32) ആണ് രോഗമുക്തരായത്. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 39 ആയി.
രോഗം സ്ഥിരീകരിച്ച എട്ടുപേരിൽ ഏഴു പേർ വിദേശത്ത് നിന്നും ഒരാൾ ഡൽഹിയിൽ നിന്നുമാണ് എത്തിയത്. ഇതിൽ നാലുപേർ ഒരു വിമാനത്തിലെ യാത്രക്കാരായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴയിലെ കോവിഡ് കെയർ സെന്ററിൽ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(36), കൊല്ലാട് സ്വദേശി(59), പെരുമ്പായിക്കാട് സ്വദേശി (58), മാങ്ങാനത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കടുത്തുരുത്തി വല്ലശ്ശേരി സ്വദേശി (26) എന്നിവരാണ് മേയ് 27 ന് അബുദാബി-കൊച്ചി വിമാനത്തിൽ വന്നത്.
ഇവർക്ക് പുറമെ മേയ് 28 ന് താജിക്കിസ്ഥാനിൽനിന്നെത്തി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനി (19), കങ്ങഴ സ്വദേശി(21), ഇതേ ദിവസം ദുബായിൽനിന്നെത്തി മാങ്ങാനത്തെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന നാലുകോടി സ്വദേശി (54), ജൂൺ 3 ന് ഡിൽഹിയിൽ നിന്ന് വിമാനത്തിലെത്തി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശിനി (34) എന്നിവരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. മുളക്കുളം സ്വദേശിനിയുടെ ഭർത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.