കോട്ടയം: അഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജ് മാനേജർ ഫാ.ജോസഫ് പാനാമ്പുഴ പറഞ്ഞു. വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് അഞ്ജു പാഠഭാഗങ്ങൾ പെൻസിലിൽ എഴുതിയത് കണ്ടെത്തിയത്. ആ സമയം പരീക്ഷാഹാളിലെത്തിയ പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. പ്രിൻസിപ്പൽ സമീപമെത്തി അന്വേഷിക്കുകയും ഹാൾ ടിക്കറ്റിന്റെ മറുവശത്ത് പാഠഭാഗങ്ങൾ എഴുതിയിരിക്കുന്നത് കണ്ടു ബോദ്ധ്യപ്പെടുകയും ചെയ്തു. ചെയ്തത് പരീക്ഷയിൽ നിന്ന് മാറ്റി നിറുത്താവുന്ന തെറ്റാണെന്നും എന്നാൽ തുടർന്നുള്ള പരീക്ഷ എഴുതാമെന്നും അറിയിച്ചശേഷം വിശദീകരണം എഴുതി നൽകാൻ ഓഫീസിൽ എത്താൻ പറഞ്ഞു. മുൻ പരിചയമില്ലാത്തതിനാൽ ഹാൾ ടിക്കറ്റിലുള്ള പേരും രജിസ്റ്റർ നമ്പരും ജനന തീയതിയും മാത്രമേ അറിയാമായിരുന്നുള്ളൂ. വിശദീകരണം എഴുതി നൽകാൻ വരുമ്പോൾ മാതാപിതാക്കളുടെ ഫോൺ നമ്പർ വാങ്ങി വിവരം അറിയിച്ച് അയക്കാമെന്നാണ് കരുതിയത്. പക്ഷേ, ഹാളിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനി
ഓഫീസിൽ റിപ്പോർട്ട് ചെയ്യാതെ മടങ്ങി. സി.സി.ടി.വി പരിശോധിച്ചപ്പോൾ ശാന്തയായി വെളിയിലേയ്ക്ക് പോകുന്നതാണ് കണ്ടത്. വീട്ടിലേയ്ക്ക് പോയെന്നാണ് കരുതിയതെന്നും അഞ്ജുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും മാനേജർ പറഞ്ഞു.