കോട്ടയം : എം.ജി സർവകലാശാലയെ അക്കാദമിക ഗവേഷണ രംഗത്ത് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 132.75 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി സെനറ്റ് യോഗം. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സെനറ്റ് യോഗത്തിൽ പി. പത്മകുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സർവകലാശാല ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ സ്‌പെഷൽ പർപ്പസ് വെഹിക്കിളായി കിറ്റ്‌കോയെ നിയോഗിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 75 കോടി രൂപയാണ് ചെലവഴിക്കുക. ഇതിൽ 51.25 കോടി രൂപ കേന്ദ്രീകൃത ലബോറട്ടറി കോംപ്ലക്‌സ് കെട്ടിടനിർമ്മാണത്തിനും ബാക്കി തുക ലബോറട്ടറി ഉപകരണങ്ങൾക്ക് വിനിയോഗിക്കാനുമാണ് അനുമതി. പഴയ പരീക്ഷഭവൻ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ലാബ് സമുച്ചയം നിർമ്മിക്കുക. വാർഷിക റിപ്പോർട്ട്, ഫിനാൻഷ്യൽ എസ്റ്റിമേറ്റ്, വാർഷിക അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ് റിപ്പോർട്ട് എന്നിവ യോഗത്തിൽ സമർപ്പിച്ചു.