കാഞ്ഞിരപ്പള്ളി : പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണത്തെത്തുടർന്ന് മനംനൊന്ത് ആത്മഹത്യചെയ്ത അഞ്ജു ഷാജിയുടെ മൃതദേഹം സംസ്‌കരിച്ചു. ശക്തമായ പ്രതിഷേധവും വികാരനിർഭരമായ നിമിഷങ്ങളും ഒരുക്കിയ അസാധാരണമായ അന്തരീഷത്തിൽ എല്ലാ നിയന്ത്രങ്ങളേയും മറികടന്നെത്തിയ നൂറുകണക്കിന് നാട്ടുകാരുടേയും ബന്ധുക്കളുടേയും അലമുറയോടെയുള്ള യാത്രാമൊഴി. ആംബുലൻസിൽ ബന്ധുക്കളെ ഒഴിവാക്കി പൊലീസ് മൃതദേഹവുമായി എത്തിയത് പ്രതിഷേധം ഇരട്ടിയാകാൻ കാരണമായി. മൃതദേഹവുമായെത്തിയ ആംബുലൻസ് പൊടിമറ്റം കവലയിൽ തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം സംസാരിച്ചെന്നും ശക്തമായ നടപടി എടുക്കുമെന്നും നീതിപൂർവമായ അന്വേഷണം നടത്തുമെന്നും ഉറപ്പ് ലഭിച്ചതായി പി.സി.ജോർജ് എം.എൽ.എ അറിയച്ചതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്. ഇതിനിടെ മകളെ കാണണമെന്ന് അഞ്ജുവിന്റെ അമ്മയും മൃതദേഹം വീട്ടിലെത്തിക്കണമെന്ന് സഹോദരനും ആവശ്യപ്പെട്ട വൈകാരിക നിമിഷവും എല്ലാവരുടെയും ഉള്ളുലച്ചു. പൊതുദർശനത്തിന് ശേഷം കുഞ്ഞേച്ചിയുടെ ചിതയ്ക്ക് അനുജൻ ജാതവേദൻ തീകൊളുത്തിയതോടെ ഒരുഗ്രാമം മുഴുവൻ കണ്ണീർപ്രണാമമർപ്പിച്ചു.