കോട്ടയം: മഴക്കാലമാണ്. റോഡുകളെല്ലാം എപ്പോൾ വേണമെങ്കിലും തെന്നാവുന്ന തരത്തിൽ നനഞ്ഞുകിടക്കുന്നു. വാഹനയാത്രക്കിടയിൽ ചെറിയ അശ്രദ്ധ മതി വലിയൊരപകടത്തിലേയ്ക്ക് ചാടാൻ. ഓരോ മഴക്കാലത്തും റോഡുകളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടുതലാവും. ഇതിനാൽ ജാഗ്രതാ നിർദേശവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.

കാളികാവിൽ ദമ്പതികൾ സഞ്ചരിച്ച വാഹനത്തിൽ ഇന്നോവ റോഡിൽ തെന്നി ഇടിച്ച് യുവാവ് മരിച്ചത് ജൂൺ രണ്ടിനാണ്. ഈ സംഭവത്തിന് ശേഷം സമാനമായ പത്തിലേറെ അപകടങ്ങൾ ജില്ലയിലുണ്ടായി. ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.

അപകട കാരണം

വിൻഡ് ഷീൽഡിലെ ഈർപ്പം മൂലം റോഡ് വ്യക്തമായി കാണാനാകാത്തതും ബ്രേക്ക് ചവിട്ടിയാൽ വാഹനം നിൽക്കാതെ തെന്നിനീങ്ങുന്നതുമാണ് അപകടത്തിനു കാരണം. പുതുക്കിയ റോഡുകളിൽ അമിതവേഗതയിൽ പോകാനുള്ള പ്രവണത ഡ്രൈവർമാർ കാട്ടാറുണ്ട്. ഈ യാത്ര പലപ്പോഴും അപകടത്തിലായിരിക്കും കലാശിക്കുക.

ശ്രദ്ധിക്കാൻ

 മഴക്കാലത്ത് റോഡിലേക്കിറങ്ങും മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കണം

 ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ തുടങ്ങിയവ നന്നാക്കണം

 അവശ്യഘട്ടങ്ങളിൽ അറ്റകുറ്റപ്പണിക്ക് വേണ്ട ഉപകരണങ്ങളും കരുതണം

 മഴക്കാലത്ത് 50 കിലോമീറ്റിൽ വേഗതയ്ക്കപ്പുറം സഞ്ചരിക്കരുത്

 ശക്തമായ മഴയുള്ള സമയത്ത് ഹെഡ്‌ലൈറ്റുകൾ തെളിച്ച് ഡ്രൈവ് ചെയ്യണം

 മഴക്കാലത്ത് മരങ്ങളുടെ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്

കഴിഞ്ഞ വർഷം മഴക്കാലത്ത് മരിച്ചത് 63 പേർ

 പരിക്കേറ്റത് 58 പേർ

'' ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാകുന്നത് മഴക്കാലത്താണ്. ലോക്ക് ഡോൺ മൂലം പതിവിലും അപകടം കുറഞ്ഞെങ്കിലും ഈ ആഴ്ച ഒരാൾ മരിച്ചിട്ടുണ്ട്''

ആർ.ടി.ഒ, കോട്ടയം