കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് പുതിയ ബ്ലോക്ക് പണിയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ജൈവ വൈവിദ്ധ്യ ബോർഡ് അംഗങ്ങൾ ഇന്ന് പരിശോധിക്കാനെത്തും. ട്രീ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും തീരുമാനം നീട്ടി. ആശുപത്രി വികസന സമിതിക്കൊപ്പം പുതിയ കളക്ടറെ കണ്ട് പ്രശ്നങ്ങൾ വീണ്ടും ചർച്ച ചെയ്യുക എന്ന അഴകൊഴമ്പൻ നിലപാടാണ് ട്രി കമ്മിറ്റിയിൽ ഉണ്ടായത്. ആശുപത്രി വികസന സമിതിയോട് സ്കെച്ചും പ്ലാനും ട്രീ കമ്മിറ്റി മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടുവെങ്കിലും കഴിഞ്ഞ ദിവസമാണ് നൽകിയത്.
ഏറെ അധികാരമുള്ള ജൈവവൈവിദ്ധ്യ ബോർഡ് ഒന്നര ഏക്കർ വരുന്ന സ്വാഭാവിക വനത്തിലെ മരങ്ങൾ പരിശോധിച്ച് ജൈവ സാന്നിദ്ധ്യം വിലയിരുത്തും. ബോർഡ് എതിർത്താൽ വികസന സമിതി നിർദ്ദേശിച്ച സ്ഥലത്ത് കെട്ടിടം പണിയാൻ കഴിയില്ലെന്നതിനാൽ തീരുമാനം നിർണായകമാണ്. മരങ്ങൾ വെട്ടി നശിപ്പിക്കാനുള്ള നീക്കവുമായി ആശുപത്രി വികസന സമിതി മുന്നോട്ടു പോയാൽ കോടതിയെ സമീപിക്കാനാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം .
വനം നശിപ്പിച്ച് പുതിയ ബ്ലോക്ക് നിർമിക്കാനുള്ള നീക്കത്തിനെതിരെ കേരളകൗമുദിയാണ് ആദ്യം രംഗത്തു വന്നത്. തുടർന്ന് ഇസ്കഫ് ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി . ഏഴു വർഷം മുമ്പ് സ്വാഭാവിക വനം വെട്ടുന്നതിനെതിരെ രംഗത്തു വന്ന സി.പി.ഐ സമരം ഏറ്റെടുത്തു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം നടത്തി.
അനുമതി നൽകിയിട്ടില്ല
സ്വാഭാവിക വനം വെട്ടാൻ ട്രീ കമ്മിറ്റി അനുമതി നൽകിയിട്ടില്ല. വനം വെട്ടാതെ പുതിയ ബ്ലോക്ക് പണിയാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത് .സംയുക്ത ചർച്ചയിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രസാദ് , അസി. ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്റ്ററി