wste

ചങ്ങനാശേരി : വേഴക്കാട്ടുചിറ മുനിസിപ്പൽ മൂന്നാം വാർഡ് പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിൽ നിന്ന് പുറത്തേക്ക് മാലിന്യമൊഴുക്കുന്നതായി പരാതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് മാലിന്യം ഒഴുക്കുന്നത്. കുടിവെള്ളം എടുക്കുന്ന കിണറിന് ചുറ്റുമാണ് മാല്യന്യം നിക്ഷേപം. കൊതുകുശല്യവും ശാരീരികാസ്വസ്ഥതകളും അലട്ടുന്നതായി സമീപവാസികൾ പറഞ്ഞു. മുനിസിപ്പൽ ആരോഗ്യ വിഭാഗത്തിൽ പരാതി പറഞ്ഞിട്ടും നടപടികൾ എടുത്തില്ലെന്ന് താലൂക്ക് റസിഡന്റ്‌സ് അപ്പക്‌സ് കൗൺസിൽ ഭാരവാഹികളായ സി.ജെ. ജോസഫ്, വിജി ഫിലിപ്പ് ഒളശ്ശയിൽ, ബിനോ ആന്റണി, രാജു രാഘവൻ എന്നിവർ ആരോപിച്ചു. അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വേഴക്കാട്ടുചിറ റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റിക്ക് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.