കോട്ടയം: അഞ്ജുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ദുരൂഹത അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക സംഘം ഇന്നലെ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിലെത്തി തെളിവുകൾ ശേഖരിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സി.സി ടി.വി,​ ഹാർഡ് ഡിസ്ക് മുതലായവ പിടിച്ചെടുത്തു. അഞ്ജുവിന്റെ ഹാൾടിക്കറ്റ്,​ ഉത്തരക്കടലാസ് എന്നിവയും ശേഖരിച്ചു.

ഇന്നലെ രാവിലെ 11.30ഓടെ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. അജി സി. പണിക്കർ,​ ഡോ. എം.എസ്. മുരളി,​ ഡോ. വി.എസ്.പ്രവീൺ കുമാർ എന്നിവരും കോളേജിലെത്തി. പ്രിൻസിപ്പൽ,​ ഇൻവിജിലേറ്റർ,​ അദ്ധ്യാപിക എന്നിവരുടെ മൊഴിയെടുത്തു. സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. നാലുമണിക്കൂറോളമെടുത്താണ് പരിശോധന പൂർത്തിയാക്കിയത്. സംഘം വൈസ് ചാൻസലർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

ഇവരുടെ പിന്നാലെ എത്തിയ പൊലീസ് സംഘം സൈബർ സെൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സി.സി ടി.വി ഹാർഡ് ഡിസ്ക് അടക്കമുള്ളവ പിടിച്ചെടുത്തത്. അഞ്ജു പോയവഴിയ്ക്കുള്ള സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. സമീപ പ്രദേശങ്ങളിലെ വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി. പ്രാഥമിക തെളിവുകൾ വിശകലനം ചെയ്ത ശേഷം പൊലീസ് കോളേജ് അധികൃതരെ ചോദ്യം ചെയ്യും.