വൈക്കം: വൈക്കത്തപ്പന്റെ സന്നിധാനത്ത് സംഗീതം ആലപിക്കാൻ ഇനി ദാമോദരൻ നമ്പൂതിരി ഇല്ല.
പാരമ്പര്യമായി കിട്ടിയ പൂജാദികർമ്മങ്ങൾ ഏറെ ശ്രദ്ധയോടെ നിർവഹിക്കുമ്പോഴും സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ദാമോദരൻ നമ്പൂതിരിക്കായി. 54 വർഷം വൈക്കത്തപ്പന്റെ മേൽശാന്തിയായി. നിരവധി കീർത്തനങ്ങളും രചിച്ചിട്ടുണ്ട്.
കെ.സി.കല്യാണസുന്ദരത്തിന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച വൈക്കത്തപ്പൻ സുപ്രഭാതം അതിൽ ഏറെ പ്രശസ്തമാണ്. വിവിധ ദേവീ ദേവൻമാരെ പ്രകീർത്തിച്ചുള്ള ഭക്തിരസപ്രധാനമായ മലയാളഗാനങ്ങളും ദാമോദരൻ നമ്പൂതിരി രചിച്ചിട്ടുണ്ട്. രണ്ടു പ്രാവശ്യം ഹിമാലയ യാത്ര ചെയ്ത് അവിടത്തെ വിവരങ്ങൾ സംസ്‌ക്യത പദ്യരൂപത്തിൽ രചിച്ചു. വൈക്കം ക്ഷേത്രത്തിലെ മാന്യ സ്ഥാനത്ത് വൈക്കത്തപ്പന് പാർവതി ദേവി വിളമ്പി കൊടുക്കുന്ന ചിത്രം തയാറാക്കി വച്ചതും ദാമോദരൻ നമ്പൂതിരിയാണ്. എഴുതിയ കൃതികളിൽ ഏറെയും വൈക്കത്തപ്പനെയും പുത്രനായ ഉദയനാപുരത്തപ്പനെയും സ്തുതിച്ചാണ്. ഉദയനാപുരത്തപ്പൻ സുപ്രഭാതം എഴുതണമെന്ന് സുഹൃത്തായ ഉദയനാപുരം വിളങ്ങാട് ബാബുവിന്റെ അഭിപ്രായ പ്രകാരം രചന പൂർത്തിയാക്കി .ഈ ഗാനം പരേതനായ കലാക്കൽ സോമൻ സംഗീതം ചെയ്ത് വിളങ്ങാട് ശ്രീദേവി ആലപിച്ച് പുറത്തിറക്കി. വൈക്കത്തപ്പന്റെ സേവകനായ ദാമോദരൻ നമ്പൂതിരി കടന്നുപോകുമ്പോൾ വൈക്കത്തിന് നഷ്ടമാകുന്നത് ഒരു സംഗീതജ്ഞനെ കൂടിയാണ്.