renji
കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രഞ്ജിയും ശ്രീനന്ദും

 തലേന്ന് ഭർത്താവ് മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന് പൊലീസ്

കോട്ടയം: മദ്യപനായ ഭർത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ ര‌ഞ്ജി (36), മകൻ ശ്രീനന്ദ് (4) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഇരുവരെയും കാണാതായിരുന്നു.

പാലാ ശ്രീഗോകുലം ചിട്ടിഫണ്ട്‌സിലെ കളക്ഷൻ ഏജന്റായ ചന്ദ്രബാബു പതിവായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. തലേന്നും സമാനമായ രീതിയിൽ വഴക്കുണ്ടായിയെന്നാണ് സൂചന. ചന്ദ്രബാബു തന്നെയാണ് ഭാര്യയെയും മകനെയും കാണാനില്ലെന്ന വിവരം തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന രഞ്ജിയുടെ മാതാപിതാക്കളെയും മറ്ര് ബന്ധുക്കളെയും അറിയിച്ചത്. യുവതിയുടെ അച്ഛനൊപ്പമാണ് ചന്ദ്രമോഹൻ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകാനെത്തിയത്. പരസിരപ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഒരുവിവരവും കിട്ടാത്തതിനെത്തുടർന്നാണ് വീടിനു മുന്നിലെ കുളത്തിൽ അഗ്നിരക്ഷാ സേന അടക്കം ആദ്യം തെരച്ചിൽ നടത്തിയത്. പിന്നീട് ശ്രീനന്ദ് പഠിക്കുന്ന അംഗനവാടിയ്‌ക്കു സമീപത്തെ കുളത്തിൽ നടത്തിയ തെരച്ചിലിലാണ് കെട്ടിപ്പിടിച്ച നിലയിൽ ഉച്ചയ്‌ക്ക് ഒരു മണിയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി 11 മണിക്കു ശേഷമാണ് ഇരുവരെയും കാണാതായതെന്നാണ് സൂചന. യുവതിയും ഭർത്താവും മക്കളും ഭർത്താവിന്റെ മാതാപിതാക്കളും ഒരു വീട്ടിലാണ് താമസം. 11 വർഷം മുൻപാണ് ചന്ദ്രബാബുവും രഞ്ജിയും വിവാഹിതരായത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി മൂത്ത മകനാണ്. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽകോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.