കോട്ടയം: മാനസിക പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കിയ അഞ്ജു പി. ഷാജി ഉത്തരം എഴുതിക്കൊണ്ടു വന്നെന്ന് കോളേജ് അധികൃതരും, ഇല്ലെന്ന് ബന്ധുക്കളും ആവർത്തിക്കുന്നതിനിടെ, പ്രധാന തെളിവായ ഹാൾ ടിക്കറ്റിന്റെ ഒറിജിനൽ കാണാതെ എം.ജി സിൻഡിക്കേറ്റ് ഉപസമിതി മ‌ടങ്ങി.

ഒറിജിനൽ പൊലീസ് കസ്റ്റഡിയിലെടുത്തതിനാൽ, ഉപസമിതിക്ക് ഹാൾ ടിക്കറ്റിന്റെ പകർപ്പേ കാണാനായുള്ളൂ. അഞ്ജു എഴുതിയ മൂന്നു പേജ് ഉത്തരക്കടലാസ് സമിതി പരിശോധിച്ചു. അടുത്തിരുന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുമായും സംസാരിച്ചു . മറ്റു രണ്ട് കുട്ടികൾക്ക് ഇന്നലെ പരീക്ഷയായിരുന്നതിനാൽ മൊഴിയെടുക്കാനായില്ല.

കോപ്പിയടി കണ്ടു പിടിക്കുന്ന സാഹചര്യത്തിൽ സർവകലാശാലാ ചട്ടമനുസരിച്ചുള്ള നടപടിക്രമം കോളേജ് അധികൃതർ പാലിച്ചോ എന്നാണ് പ്രധാനമായും ഉപസമിതി അന്വേഷിക്കുന്നത് . അഞ്ജുവിനെ ഒരു മണിക്കൂർ പരീക്ഷാ ഹാളിലിരുത്തി ശാസിച്ചെന്ന ആരോപണം ഗൗരവമായി പരിശോധിക്കുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.നന്നായി പഠിച്ചിരുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നും ഹാൾ ടിക്കറ്റിലെ കുറിപ്പുകൾ കൃത്രിമമാണെന്നുമുള്ള നിലപാടിൽ ബന്ധുക്കൾ ഉറച്ചു നിൽക്കുകയാണ്. സർവകലാശാല നിയമമനുസരിച്ചേ പ്രവർത്തിച്ചിട്ടുള്ളുവെന്ന് ചീർപ്പുങ്കൽ ഹോളിക്രോസ് കോളേജധികൃതരും പറയുന്നു

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ജുവിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം ഹാൾടിക്കറ്റിലെ കൈയക്ഷരം പരിശോധിക്കാൻ പഴയ നോട്ടു ബുക്കുകൾ ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേയ്ക്ക് അയയ്ക്കും . അഞ്ജു ആറ്റിലേയ്ക്ക് ചാടിയതെന്നു കരുതുന്ന ചേർപ്പുങ്കൽ പാലവും സമീപ പ്രദേശങ്ങളും പൊലീസ് പരിശോധിച്ചു.

സിൻഡിക്കേറ്റ് ചർച്ച

ചെയ്യും: വി.സി

മൂന്നംഗ ഉപസമിതി റിപ്പോർട്ട് അടിയന്തരമായി സിൻഡിക്കേറ്റിൽ ചർച്ച ചെയ്ത് നടപടി എടുക്കുമെന്ന് എം.ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സാബുതോമസ് അറിയിച്ചു. കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ഹാൾ ടിക്കറ്റ് സീൽചെയ്ത് സർവകലാശാലയ്ക്ക് നൽകാതിരുന്നതിനാൽ ഉപസമിതിക്ക് കോപ്പി കാണാനേ പറ്റിയുള്ളൂവെന്ന് വൈസ് ചാൻസലർ പറഞ്ഞു.