കോട്ടയം: നീണ്ടൂരിൽ ഭർത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസത്തിൽ രഞ്ജി (36), മകൻ ശ്രീനന്ദ് (4) എന്നിവർ മരിച്ച സംഭവത്തിലാണ് ഭർത്താവ് ചന്ദ്രബാബുവിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തത്.
ചൊവ്വാഴ്‌ച രാത്രി മുതൽ കാണാതായിരുന്ന രഞ്ജുവിന്റെയും കുഞ്ഞിന്റെയും മൃതദേഹം ബുധനാഴ്‌ച ഉച്ചയോടെയാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള കുളത്തിൽ കണ്ടെത്തിയത്. പാലാ ശ്രീഗോകുലം ചിട്ടി ഫണ്ട്‌സിലെ കളക്ഷൻ ഏജൻ്റായ ചന്ദ്രബാബു സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. രഞ്ജിയുടെയും ശ്രീനന്ദിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് സംസ്കരിച്ചു.